മോഡി കരുതുന്നതു പോലെ ഒന്നും നടക്കാന്‍ പോകുന്നില്ല; താനായിരുന്നു ധനമന്ത്രിയെങ്കില്‍ പറയുന്നത് ഇങ്ങനെ ആയിരുന്നേനെ: തുറന്നടിച്ച് ചിദംബരം

തിങ്കള്‍, 28 നവം‌ബര്‍ 2016 (10:02 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ നയം വ്യക്തമാക്കി മുന്‍ ധനമന്ത്രി പി ചിദംബരം. താനായിരുന്നു ധനമന്ത്രിയെങ്കില്‍ നോട്ട് പിന്‍വലിക്കാന്‍ പാടില്ലായിരുന്നു എന്ന് പ്രധാനമന്ത്രിയോട് പറയുമായിരുന്നു എന്നും ചിദംബരം വ്യക്തമാക്കി.
 
നോട്ട് പിന്‍വലിക്കാന്‍ പാടില്ലായിരുന്നു എന്ന് പ്രധാനമന്ത്രിയോട് പറയും. അതിന്റെ വരും വരായ്കകള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. എന്നിട്ടും തീരുമാനവുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയാണെങ്കില്‍ താന്‍ ധനമന്ത്രി സ്ഥാനം രാജി വെക്കുമായിരുന്നു എന്നും ചിദംബരം പറഞ്ഞു.
 
നോട്ട് അസാധുവാക്കലിന്റെ സാഹചര്യത്തില്‍, ഇപ്പോള്‍ താങ്കളായിരുന്നു ധനമന്ത്രിയെങ്കില്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളനോട്ടും കള്ളപ്പണവും നോട്ട് അസാധുവാക്കല്‍ കൊണ്ട് പരിഹരിക്കപ്പെടില്ല. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക