രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ബുധന്‍, 25 നവംബര്‍ 2015 (14:41 IST)
ലോകം മുഴുവന്‍ ആശങ്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലെ രണ്ട് പേര്‍ ഇന്ത്യയിലേക്ക് കടന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്നാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാൻ വംശജനായ കാർഷിക ഗവേഷകൻ കുനിയോ ഹോഷിയെ വധിച്ച ഭീകരരാണ് ഇവരെന്നാണ് വിവരങ്ങള്‍.
ബംഗ്ലാദേശ് ഇന്റലിജന്‍സാണ് ഇന്ത്യയ്ക്ക് ഈ വിവരങ്ങള്‍ കൈമാറിയത്. ബംഗ്ലദേശ് അന്വേഷിച്ചു വരുന്ന, അതേസമയം, ഇന്ത്യയിൽ ഒളിവിൽ കഴിയുന്നവരുമായ 204 ഭീകരവാദികളുടെ പട്ടിക കഴിഞ്ഞ ദിവസം ബംഗ്ലദേശ് അധികൃതർ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാൻ വംശജനെ കൊലപ്പെടുത്തിയ ഐഎസ് ഭീകരരും ഇന്ത്യയിലേക്ക് കടന്നതായുള്ള വെളിപ്പെടുത്തൽ.
ഭീകരവാദികളുടെ ചിത്രവും അഡ്രസും സഹിതമുള്ള വിശദാംശങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയതെന്നാണ് ബംഗ്ലദേശ് അധികൃതർ നൽകുന്ന വിവരം. ബംഗ്ലദേശ് ആഭ്യന്തര സഹമന്ത്രി ആസാദുസ്മാൻ ഖാൻ കമാലിനെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബംഗ്ലദേശ് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും ഇന്ത്യയിലേക്ക് കടന്നുവെന്ന് പറയുന്ന ഐഎസ് കൊലയാളികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇയാളെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെടുന്ന രണ്ട് ഐഎസ് കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഇവർ ഇന്ത്യയിലേക്ക് കടന്ന കാര്യം ഇന്ത്യൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കമാൽ വ്യക്തമാക്കി. പശ്ചിമ ബംഗാൾ, ആസാം, മേഘാലയ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് തീവ്രവാദികൾ ഒളിവിൽക്കഴിയുന്നതെന്നും കമാൽ വ്യക്തമാക്കി.