ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ സമരം നടത്തി പിന്നീട് രാഷ്ട്രീയത്തിലെത്തിയ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമരം അവസാനിപ്പിച്ചാല്‍ ഇറോം ശര്‍മിളയുടെയും ഗതി ഇതായിരിക്കുമെന്നും മുന്നറിയിപ്പ്. ശര്‍മിളയുടെ ജീവനു ഭീഷണിയുണ്ടെന്നും അതിനാല്‍ ഉടന്‍ മോചനം നേടാന്‍ സാധ്യതയില്ലെന്നും അടുത്ത സുഹൃത്തും ഹ്യൂമണ്‍ റൈറ്റ്‌സ് അലേര്‍ട്ട് ചെയര്‍മാനുമായ ബബ്‌ലു ലോയി ടോങ്ബാം പറഞ്ഞു.
സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കുന്നതിനേയും മണിപ്പൂര്‍ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്യുന്നതിനെയുമാണ് ഭീകരസംഘടനകള്‍ എതിര്‍ക്കുന്നത്. എന്നാല്‍ ശര്‍മിള സമരം അവസാനിപ്പിക്കുകയല്ല, മറിച്ച് സമരത്തിന് പുതിയ രൂപമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് ബബ്‌ലു വ്യക്തമാക്കി.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ സൈന്യത്തിന്റെ പ്രത്യേകാധികാരത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും തയ്യാറായിട്ടില്ലെന്നും ബബ്‌ലു പറഞ്ഞു. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശര്‍മിള 2000 നവമബര്‍ അഞ്ചിനു സമരം ആരംഭിച്ചത്.