രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്ന് പറയുന്ന ഭരണഘടനയുടെ വകുപ്പിനേ കുറിച്ച് ഇന്ദിരാഗാന്ധിക്ക് അറിവില്ലായിരുന്നു എന്നും സിദ്ധാര്‍ഥശങ്കര്‍ റേയാണ് അവരെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും വെളിപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ ഓര്‍മ്മകുറിപ്പായ 'ദി ഡ്രമാറ്റിക് ഡെകെയ്ഡ്: ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്' എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇത്റ്റരമൊരു വാദം മുന്നോട്ട് വയ്ക്കുന്നത്.
'അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേ നിര്‍ണായക പങ്കുവഹിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശമായിരുന്നു അത്. ഇന്ദിരാഗാന്ധി അതനുസരിച്ച് പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍, ആഭ്യന്തര അസ്വസ്ഥതകളുണ്ടാകുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്ന ഭരണഘടനയിലെ വ്യവസ്ഥയെപ്പറ്റിപ്പോലും തനിക്കറിയില്ലായിരുന്നുവെന്ന് ഇന്ദിര പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ അനന്തരഫലമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുപോലും അക്കാര്യം ഇന്ദിരയ്ക്കറിയില്ലായിരുന്നു.' അദ്ദേഹം പറയുന്നു.
എന്നാല്‍ 1975-ലെ അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നെന്നും മൗലികാവകാശങ്ങള്‍ ഹനിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുകയും ഒട്ടേറെപ്പേരെ അറസ്റ്റുചെയ്യുകയും പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്ത അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും വലിയ വില നല്‍കേണ്ടി വന്നതായും പുസ്തകത്തില്‍ പറയുന്നു.
മൂന്ന് ഭാഗങ്ങളായി തയ്യാറാക്കുന്ന ഓര്‍മക്കുറിപ്പുകളുടെ ആദ്യഭാഗമാണ് ഇപ്പോഴിറങ്ങിയിരിക്കുന്ന 321 പേജുള്ള പുസ്തകം. 1969 മുതല്‍ '80 വരെയുള്ള കാര്യങ്ങളാണ് ഇതില്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം, ജയപ്രകാശ് നാരായണന്റെ എതിര്‍പ്പ്, 1997-ലെ തിരഞ്ഞെടുപ്പ് തോല്‍വി, കോണ്‍ഗ്രസ്സിലെ ഭിന്നിപ്പ്, 1980-ല്‍ വീണ്ടും അധികാരത്തിലേറിയതും അതിനുശേഷവുമുള്ള സംഭവങ്ങളെല്ലാം പ്രതിപാദിക്കുന്നു. 1980 മുതല്‍ '98 വരെയുള്ള സംഭവങ്ങളാവും രണ്ടാംഭാഗത്തില്‍. '98 മുതല്‍ സജീവരാഷ്ട്രീയം അവസാനിപ്പിച്ച 2012 വരെയുള്ള കാര്യങ്ങളടങ്ങുന്നതാണ് മൂന്നാംഭാഗമെന്ന് പ്രണബ് അറിയിച്ചു.