മരുമക്കളില്‍ ഇളയ ആളായ മനേക ഗാന്ധി രാഷ്‌ട്രീയത്തില്‍ തന്നെ സഹായിക്കണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. 20 വര്‍ഷത്തോളം ഇന്ദിര ഗാന്ധിയുടെ ഫിസിഷ്യന്‍ ആയിരുന്ന കെ പി മാതുര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാഷ്‌ട്രീയത്തില്‍ മനേക തന്നെ സഹായിക്കണമെന്നായിരുന്നു ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, രാജിവ് ഗാന്ധിയുടെ എതിര്‍പാളയത്തില്‍ ആയിരുന്നു മനേക ഗാന്ധി എത്തിച്ചേര്‍ന്നത്.
‘എല്ലായ്‌പോഴും ഇന്ദിര ഗാന്ധി കൂടുതല്‍ താല്പര്യം കാണിച്ചിരുന്നത് സോണിയയോട് ആയിരുന്നു. എന്നാല്‍, സഞ്‌ജയുടെ മരണത്തിനു ശേഷം മനേകയോടും താല്പര്യം കാണിച്ചിരുന്നു.” - മാതുര്‍ പറയുന്നു. എങ്കിലും, ഇന്ദിര ഗാന്ധിയുമായി കൂടുതല്‍ അടുക്കാന്‍ മനേകയ്ക്ക് കഴിഞ്ഞിരുന്നില്ല. വീട്ടുകാര്യങ്ങളില്‍ സോണിയ ഗാന്ധി ആയിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
സഞ്ജയ് ഗാന്ധി മരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് മനേക ഗാന്ധി പ്രധാനമന്ത്രിയുടെ വസതി ഉപേക്ഷിക്കുകയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേകയോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവത്തില്‍ മാറ്റമുണ്ടായി. അവരോട് മൃദുസമീപനമായിരുന്നു. രാഷ്‌ട്രീയത്തില്‍ മനേക തന്നെ സഹായിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു.
എന്നാല്‍, മനേക പലപ്പോഴും രാജിവ് ഗാന്ധിയുടെ എതിര്‍പാളയത്തില്‍ ആയിരുന്നു. ഇത് സഞ്ജയ് വിചാര്‍ മഞ്ച് എന്നൊരു സംഘടന രൂപീകരിക്കുന്നിടം വരെയെത്തി. സഞ്ജയ് ഗാന്ധിയുടെ പാരമ്പര്യസ്വത്തിന്റെ അവകാശം ഇവര്‍ ഉന്നയിച്ചതും ബന്ധം വഷളാകാന്‍ കാരണമായെന്നും പുസ്തകത്തില്‍ പറയുന്നു.