അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് പൊലീസ് മര്‍ദ്ദനം; വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി
വ്യാഴം, 12 ഫെബ്രുവരി 2015 (13:51 IST)
അമേരിക്കയിലെ അലബാമയില്‍ പോലീസ് ബലപ്രയോഗത്തില്‍ കഴുത്തിന് പരുക്കേറ്റ സംഭവത്തില്‍ യുഎസ് കോണ്‍സുലേറ്റിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി. ഇന്ത്യക്കാരനായ സുരേഷ് ഭായ് പട്ടേല്‍ എന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ശരീരം തളര്‍ന്ന നിലയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം നടന്നത്.
അലബാമയില്‍ താമസിക്കുന്ന തന്റെ മകനൊപ്പം കുറച്ചു ദിവസം താമസിക്കാനായി അമേരിക്കയിലെത്തിയതായിരുന്നു സുരേഷ് ഭായ് പട്ടേല്‍. ഫിബ്രുവരി ആറിന് വഴിയിലൂടെ നടക്കുകയായിരുന്ന സുരേഷ് ഭായ് പട്ടേലിനെ പൊലീസ് തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാല്‍ സുരേഷ് ' നോ ഇംഗ്ലീഷ്' എന്നുപറയുകയും കൈ പോക്കറ്റിലിടുകയുമാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് സുരേഷ് പട്ടേലിനെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നിലത്ത് അമര്‍ത്തി കൈവിലങ്ങ് അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഭായ് പട്ടേലിന്റെ കഴുത്തിന് പരിക്കേറ്റത്. ഗാരേജിലേക്ക് നോക്കി നടക്കുന്നുവെന്നുവെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.