റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തെടുക്കുന്ന നൊട്ടൂകള്‍ നിരവധി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണെന്നാണ് വയ്പ്പ്. ഇതിനായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് നോട്ടുകള്‍ അച്ചടിക്കുന്നതിനായി സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് എന്നൊരു സ്ഥാപനവും നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ഇവിടെ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ അച്ചടിയില്‍ സുരക്ഷാ വീഴ്‌ചയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സെക്യൂരിറ്റി പ്രിന്റിംഗ് ലിമിറ്റഡിന്റെ ഹോഷംഗാബാദിലെ അച്ചടിശാലയിലാണ് ഗുരുതരമായ സുരക്ഷാ വിഴ്ച കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അച്ചടിക്കുന്ന നോട്ടില്‍ അറബിക് ഇന്‍സ്‌ക്രിപ്‌ഷനോട് കൂടിയ സെക്യൂരിറ്റി ത്രെഡാണ് ഉപയോഗിക്കുന്നത്. ഇത് സുരക്ഷാ വീഴ്‌ചയാണെന്നാണ് കണ്ടെത്തല്‍. സിബിഐ മുന്‍ ഡയറക്‌ടര്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതില്‍ സുരക്ഷാ വീഴ്‌ച വരുത്തുന്നതായി കണ്ടെത്തിയത്. കള്ളനോട്ടുകള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് സെക്യൂരിറ്റി ത്രെഡ് ഉപയോഗിക്കുന്നത്. എന്നാല്‍ അതില്‍ അറബിക് ഇന്‍സ്‌ക്രിപ്‌ഷന്‍ ഉപയോഗിക്കുന്നത് സുരക്ഷാ വീഴ്ച ഉണ്ടാക്കും. സുരക്ഷാ വീഴ്ച ഉണ്ടാകുന്നത് ഇന്ത്യന്‍ കറന്‍സിയ്ക്കാള്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രചരിക്കുന്നതിനിടയാക്കും.
ഇത് സംബന്ധിച്ച ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഈ മാസം ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്‌ടറായി എം.എസ് റാണയെ നിയമിച്ചതിനെ ചോദ്യം ചെയ്‌താണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെ ഡല്‍ഹി ഹൈക്കോടതിയും സുരക്ഷാ വീഴ്‌ച ശരിവച്ചു.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മതിയായ അനുമതി ലഭിക്കാതെയാണ് റാണയെ തല്‍സ്‌ഥാനത്ത് നിയമിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജിയിലെ ആരോപണത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഹോഷംഗബാദ് അച്ചടി ശാലയിലെ സുരക്ഷാ വീഴ്‌ച സംബന്ധിച്ച് അന്വേഷിച്ച് വസ്‌തുതകള്‍ പുറത്ത് കൊണ്ടു വരുന്നതില്‍ റാണ വീഴ്‌ച വരുത്തിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.