വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇനി വനിതകളും
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (13:53 IST)
ഇന്ത്യന്‍ സൈനിക മേഖലയില്‍ ചരിത്രമെഴുതാന്‍ തുടങ്ങുകയാണ് വ്യോമസേന. സേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താനായി ഇനി വനിതകളുമുണ്ടാകും. വിമാനങ്ങളും ഹെലികോപ്ടറുകളും പറത്താന്‍ നിലവില്‍ വനിതാ പൈലറ്റുമാരുണ്ട്. അവരെ യുദ്ധമുന്നണിയിലേക്കു കൂടെ കൊണ്ടുവനാണ് സേനയുടെ ശ്രമം.
വ്യോമസേനയുടെ 83ആമത് വാര്‍ഷികാഘോഷ ദിനത്തില്‍ എയര്‍ ചീഫ് മാര്‍ഷന്‍ അരൂപ് രഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യോമസനയില്‍ 10,563 ഓഫീസര്‍മാരില്‍ 750 വനിതകള്‍ മാത്രമാണുള്ളത്. 1992 മുതലാണ് വനിതകള്‍ക്ക് വ്യോമസേനയില്‍ അവസരം ലഭിച്ചുതുടങ്ങിയത്.
എന്നാല്‍ യുദ്ധമുന്നണിയില്‍ നിന്ന് ഇവരെ വിലക്കിയിരിക്കുകയായിരുന്നു അടുത്തകാലം വരെ. ശത്രുവിന്റെ കൈയ്യില്‍ പെട്ടാല്‍ ഇവര്‍ക്കു നേരെയുണ്ടാകാവുന്ന അപമാനവും പീഡനവും മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ 2010ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് യുദ്ധമുന്നണിയില്‍ വനിത ഓഫീസര്‍മാരുടെ സാന്നിധ്യം ഉറപ്പുവരുത്തിയത്.
വനിതാ ഓഫീസര്‍മാര്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹിക്കുന്ന പദവി ലഭിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ചുരുക്കും ചില മേഖലകളില്‍ മാത്രമാണ് വനിതകളുടെ സേവനം സൈന്യം ഉപയോഗിച്ചുവന്നത്.