അതിര്‍ത്തിയില്‍ ഇന്നും പാക് വെടിവെപ്പ്; ഗ്രാമീണന് പരുക്കേറ്റു
ചൊവ്വ, 18 ഓഗസ്റ്റ് 2015 (12:20 IST)
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെപ്പ്. ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ ശക്തമായ വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരുക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്നു പുലര്‍ച്ചയാണ് വെടിവെപ്പ് ഉണ്ടായത്. പ്രകോപനമില്ലാതെയാണ് വെടിവെപ്പുണ്ടായതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
സുചേത്ഗഡ്, ആര്‍എസ് പുര എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ആര്‍എസ് പുരയിലുണ്ടായ വെടിവെപ്പിലാണ് 38കാരനായ സുഭാഷ് ചന്ദര്‍ എന്ന സിവിലിയന് വെടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഎസ്എഫ് ഔട്ട്പോസ്റ്റ് ലക്ഷ്യമാക്കിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്.
രാത്രി ഒരു മണിയോടെ ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നു. തുടര്‍ച്ചയായ പത്താം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. കഴിഞ്ഞ അമ്പതു ദിവസത്തിനിടെ 60 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.