പാക് വെടിവെപ്പ് ശക്തം; ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
ഞായര്‍, 16 ഓഗസ്റ്റ് 2015 (12:46 IST)
പാകിസ്ഥാന്‍ നടത്തുന്ന ശക്തമായ വെടിവെപ്പിനെ തുടര്‍ന്ന് അതിർത്തിയില്‍ നിന്ന് ഗ്രാമീണരെ ഒഴിപ്പിക്കുന്നു. പാക് വെടിവെപ്പില്‍ ഇതുവരെ ആറു ഗ്രാമീണർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അതിർത്തിയിലെ മുപ്പത് ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൈന്യം. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ ആയിരുന്നു കൂടുതല്‍ ആക്രമണം.
ഗ്രാമ വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനൊപ്പം വീടുകൾക്കുള്ളിൽ ഉള്ളവരോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഷെല്ലാക്രമണാവും വെടിവെപ്പുമാണ് പാകിസ്ഥാന്‍ നടത്തുന്നത്. ഇന്ന് രാവിലെ ബാലാകോട്ട് സെക്ടറിൽ നടത്തിയ വെടിവയ്പ്പിൽ നാൽപ്പതുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ അഞ്ചു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 12 വയസ്സുള്ള ഒരു കുട്ടിയും മരിച്ചവരിലുൾപ്പെടുന്നു.
അതേസമയം, അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പാക് വെടിവെപ്പ് നിർത്തണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ആവശ്യപ്പെട്ടു. ജനങ്ങളിൽ ഭീതിയുണർത്തുന്ന തരത്തിലുള്ള പ്രകോപനത്തിന് അനുവദിക്കില്ല. 2003ലെ വെടിനിർത്തൽ കരാർ അംഗീകരിച്ച് പാകിസ്ഥാൻ വെടിവെപ്പ് അവസാനിപ്പിക്കണമെന്നും സെയ്ദ് പറഞ്ഞു.