പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി

ചൊവ്വ, 2 മെയ് 2017 (08:28 IST)
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ പാക്ക് റേഞ്ചേഴ്സ് റോക്കറ്റാക്രമണത്തിൽ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാകിസ്താൻ സൈന്യത്തിന്‍റെ ക്രൂരതക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകർത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയക്ക് എതിർവശത്തുള്ള പാകിസ്താന്‍റെ കിർപൺ, പിംബിൾ സൈനിക പോസ്റ്റുകൾ സൈന്യം തകർത്തത്. സംഭവത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടതായും റിപോർട്ടുകൾ ഉണ്ട്.   
 
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാകിസ്താൻ ബോർഡർ ആക്ഷൻ ടീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുത്ത് പാക് സൈന്യം വികൃതമാക്കിയിരുന്നു. പാക്ക് സൈന്യത്തിന്റെ ഈ നികൃഷ്ടമായ നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. 
 
ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതോടെ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക