ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ മൂന്നാമത്ത വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
തിങ്കള്‍, 13 ഏപ്രില്‍ 2015 (13:41 IST)
ജപ്പാനെയും ജര്‍മനിയെയും മറികടന്ന് 2030 ഓടെ ലോകത്തെ മൂന്നാമത്ത വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്ക ഒന്നാമതും ചൈന രണ്ടാംസ്ഥാനത്തും തുടരും. 6.6 ലക്ഷം കോടി ഡോളര്‍ ആഭ്യന്തര ഉത്പാദനത്തോടെ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2030 ഓടെ ജപ്പാന്റെയും ജര്‍മനിയുടേയും സ്ഥാനം യഥാക്രമം നാലും അഞ്ചുമാകും. അപ്പോഴും അമേരിക്ക തന്നെയാകും ഒന്നാമത്. വ്യാപാരത്തിലും ഉല്‍പ്പാദനത്തിലും നടത്തുന്ന വന്‍ മുന്നേറ്റങ്ങളും സഹകരണങ്ങളുമാണ് ഇന്ത്യയുടെ കുതിപ്പിന് കാരണമാകുക. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശക്തമായ മുന്നേറ്റങ്ങളാകും നടത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2030 ല്‍ 24.8 ലക്ഷം കോടി ഡോളറിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തോടെയാണ് യുഎസ് ഒന്നാം സ്ഥാനത്ത് തുടരുക. 22.2 ലക്ഷം കോടി ഡോളറാകും ചൈനയുടെ ജിഡിപി. ജപ്പാനും ജര്‍മനിയും നാലും അഞ്ചുംസ്ഥാനത്തായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.