ഇന്ത്യാക്കാരെ അമേരിക്കയ്ക്ക് ഒട്ടും വിശ്വാസമില്ല, വിസയും കൊടുക്കില്ല...!
ശനി, 21 മാര്‍ച്ച് 2015 (15:04 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഉറ്റസുഹൃത്തുക്കളും പരസ്പരം പേര്‍ ചൊല്ലിവിളിക്കാനും മത്രമുള്ള അടുപ്പവും ഒണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ ഈ അടുപ്പമൊന്നും ഇന്ത്യാക്കാരുടെ അടുത്ത് അമേരിക്ക കാണിക്കാറില്ല. മറ്റൊന്നുമല്ല അമേരിക്കയ്ക്ക് ഇന്ത്യാക്കാരോട് വിശ്വാസം ഒട്ടുമില്ലെന്നാണ് വാര്‍ത്തകള്‍. ഇന്ത്യാക്കാര്‍ ആരെങ്കിലും വിസയ്ക്ക് അപേക്ഷിച്ചാല്‍ കണ്ണുംപൂട്ടി ചവറ്റുകുട്ടയില്‍ തള്ളുന്ന സ്വഭാവമാണ് അമേരിക്കന്‍ അധികൃതര്‍ക്കുള്ളത്.
2012-2014 കാലഘട്ടത്തിലായി അമേരിക്കയ്ക്ക് ലഭിച്ച എല്‍1 ബി വിസാ അപേക്ഷകളില്‍ 56 ശതമാനവും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ഭീഷണിയായി നില്‍നില്‍ക്കുന്ന ചൈനയില്‍ നിന്നുള്ള അപേക്ഷകള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ക്ക് യാതൊരു മടിയുമില്ല എന്നുള്ളതാണ് അത്ഭുതാവഹമായ കാര്യം. ഇന്ത്യയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ക്ക് വിസാ അപേക്ഷകളില്‍ തിരസ്‌ക്കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം ശരാശരി 13 ശതമാനമാനം മാത്രമാണ്.
വിര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) പുറത്തുവിട്ട കണക്കുപ്രകാരമാണ് ഇതു വ്യക്തമായിരിക്കുന്നത്. 2012-14 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു ഫയല്‍ ചെയ്ത എല്‍-1ബി വിസകളുടെ എണ്ണം 25,296 ആണെന്നാണ് കണക്ക്. ഇതില്‍ 14,104 എണ്ണവും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് വെളിവാക്കുന്നത്. അതായത് 56 ശതമാനവും അമേരിക്ക തിരസ്‌ക്കരിച്ചു. നോണ്‍ മൈഗ്രന്റ് വിസയായ എല്‍-1 ബി വിസ യുഎസ് എംപ്ലോയര്‍മാര്‍ ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ ആയി നല്‍കുന്നതാണ്. ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വന്‍കിട കമ്പനികളാണ് ഈ വര്‍ക്ക് വിസയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍.
യുഎസില്‍ സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയും തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ ഉയരുകയും ചെയ്ത 2007-08 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതലായി വിസാ അപേക്ഷകള്‍ തിരസ്‌ക്കരിക്കപ്പെട്ടത്. 2008-നു മുമ്പ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അപേക്ഷകള്‍ക്ക് പത്തു ശതമാനത്തില്‍ താഴെയായിരുന്നു അപേക്ഷകള്‍ തിരസ്‌ക്കരിക്കപ്പെടുന്ന നിരക്ക്. എന്നാലിത് ഇപ്പോള്‍ ശരാശരി 35 ശതമാനത്തിലാണ്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിട്ടും ഇത്രയേറെ വിസാ അപേക്ഷകള്‍ തള്ളിക്കളഞ്ഞത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കേണ്ടതാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.