ഫാത്തിമയുടെ മരണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഡി‌എം‌കെയും സി‌പി‌എമ്മും; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിലെത്തും

നിത അലക്‍സാണ്ടര്‍

ശനി, 16 നവം‌ബര്‍ 2019 (20:00 IST)
മദ്രാസ് ഐ ഐ ടി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ ദുരൂഹതകള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഡി എം കെയും സി പി എം തമിഴ്‌നാട് ഘടകവും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തിലാണ് ഫാത്തിമയുടെ മരണം ഉന്നയിക്കുന്നത്. ഡി എം കെയ്ക്കുവേണ്ടി കനിമൊഴി എം പി ആയിരിക്കും വിഷയം ഉന്നയിക്കുക.
 
ഫാത്തിമയുടെ മരണത്തേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്‌മണ്യം ഞായറാഴ്ച ചെന്നൈയില്‍ എത്തുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ആവശ്യപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍  ഇടപെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി വി മുരളീധരന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.
 
ആരോപണവിധേയനായ അധ്യാപകന്‍ എസ് പി എന്നറിയപ്പെടുന്ന സുദര്‍ശന്‍ പത്മനാഭന്‍ കാമ്പസില്‍ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് അധ്യാപകരും കാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
അതേസമയം, ഫാത്തിമ ഒരിക്കലും ജീവനൊടുക്കില്ലെന്ന് ഇരട്ടസഹോദരിയായ ഐഷ പ്രതികരിച്ചു. അടുക്കും ചിട്ടയുമായി വലിയ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്തവളായിരുന്നു ഫാത്തിമ. ഒരിക്കലും ജീവിതം സ്വയം അവസാനിപ്പിക്കില്ല. ഫാത്തിമയ്ക്ക് നീതിലഭിക്കും വരെ നിയമപോരാട്ടം നടത്താനുള്ള തീരുമാനത്തിലാണ് തിരുവനന്തപുരം ലോ കോളജിലെ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയായ ഐഷ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍