ബീഫ് കഴിക്കാതിരുന്നാല്‍ ആൾക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ്
ചൊവ്വ, 24 ജൂലൈ 2018 (15:51 IST)
ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാജ്യത്തെ പശുക്കൾ സംരക്ഷിക്കപ്പെടണം. ഇതിനായി മുസ്ലിങ്ങള്‍ പശുമാസം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബീഫിന്റെ ഉപയോഗം നിര്‍ത്തിയാല്‍ അക്രമണങ്ങള്‍ ഇല്ലാതാകും. പശുവിനെ കൊല്ലുന്നതില്‍ നിന്നും മാംസം കഴിക്കുന്നതില്‍ നിന്നും മുസ്ലിങ്ങള്‍ പിന്മാറിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. ലോകത്ത് ഒരു മതവും പശുവിനെ കൊലപ്പെടുത്തുന്നതിനെ അംഗീകരിച്ചിട്ടില്ലെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.
ക്രിസ്‌ത്യന്‍ വിസ്വാസപ്രകാരം യേശു ക്രിസ്‌തു ജനിച്ചത് കാലിത്തൊഴുത്തിലാണ്. അതിനാല്‍ വിശുദ്ധ പശു എന്നാണ് ക്രിസ്‌ത്യാനികള്‍ പശുവിനെ വിളിക്കുന്നത്. മക്കയിലും മദീനയിലും പശുക്കളെ കൊല്ലുന്നത് ഇസ്ലാം മതം വിലക്കിയിട്ടുണ്ടെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.
പശുവിന്റെ ചാണകം സിമന്റ് പോലെ ഉപയോഗിക്കണം. എങ്കിൽ പട്ടിണിയും അക്രമവും അവസാനിക്കുമെന്നും രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് അക്ബർ ഖാൻ എന്ന യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തോട് പ്രതികരിക്കവെ ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.