ശിക്ഷ നടപ്പാക്കാനാകുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണം, പോരാട്ടം തുടരും; നിർഭയയുടെ അമ്മ

ചിപ്പി പീലിപ്പോസ്

വെള്ളി, 31 ജനുവരി 2020 (19:02 IST)
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിയോട് പ്രതികരിച്ച് നിർഭയയുടെ അമ്മ ആശ ദേവി. കോടതിയും സർക്കാരും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നതെന്നും ശിക്ഷ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണമെന്നും ആശ ദേവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
 
ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാവുകയാണ്. പ്രതികൾ നിയമ വ്യവസ്ഥിതിയെ പരിഹസിക്കുകയാണ്. ഇപ്പോൾ നിയമത്തിലുള്ള വിശ്വാസവും പോയി. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ല, തുടരും- ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. 
  
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് പട്യാല ഹൗസ് കോടതിയാണ് സ്റ്റേ ചെയ്തത്. വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവർ നൽകിയ ഹർജിയിലാണ് പാട്യാൽ ഹൗസ് കോടതിയുടെ നടപടി.
 
ഫെബ്രുവരി 1ന് രാവിലെ വധശിക്ഷ നടപ്പിലാക്കാനാണ് നേരത്തെ ,മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രതികളിൽ രണ്ട് പേർ രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകുകയായിരുന്നു. ദയഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്നുകാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍