ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിർണായക തീരുമാനവുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ. 2017ൽ നടന്ന പതൽഗഡി സമരവുമായി ബന്ധപ്പെട്ട് ഗോത്രവർഗ വിഭാഗങ്ങൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാനാണ് സോറൻ മന്ത്രിസഭായോഗത്തിലെ ആദ്യത്തെ തീരുമാനം. ശനിയാഴ്ചയാണ് ജാർഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റത്.
2016ൽ രഘുവർ ദാസിന്റെ നേത്രുത്വത്തിലുള്ള ബിജെപി സർക്കാറാണ് ആദിവാസികളുടെ ഭൂമി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നത് തടയുന്ന 1908ലെ സി എൻ ടി ആക്ട് ഭേദഗതി ചെയ്തത്.ഖനനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു നിയമം ഭേദഗതി ചെയ്തത്. തീരുമാനത്തിനെതിരെ ഗോത്രവർഗത്തിനിടയിലും ജാർഖണ്ഡിലെ ബിജെപിക്കിടയിലും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും നടപടിയുമായി ബിജെപി മുന്നോട്ട് പോകുകയായിരുന്നു.