ഹേമമാലിനിക്ക് രാജകീയചികിത്സ ലഭിച്ചു; ഞങ്ങള്‍ വേദനയിലാണ്: മരിച്ച കുട്ടിയുടെ കുടുംബം

വെള്ളി, 3 ജൂലൈ 2015 (17:56 IST)
ഹേമമാലിനിക്ക് രാജകീയ ചികിത്സ ലഭിക്കുമ്പോള്‍ തങ്ങള്‍ വേദനയിലാണെന്ന് രാജസ്ഥാനിലെ ദൌസയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബം. ചലച്ചിത്ര നടിയും ലോക്‌സഭ എം പി യുമായ ഹേമമാലിനിയുടെ മെഴ്സിഡസ് ബെന്‍സ് ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആള്‍ട്ടോ കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരി സോനം മരിച്ചിരുന്നു.
 
ഹേമമാലിനിക്ക് ഭരണകൂടവും മറ്റുള്ളവരും അമിതശ്രദ്ധ നല്കുമ്പോള്‍ പരുക്കേറ്റവരെ അവഗണിക്കുകയാണെന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബം പറഞ്ഞു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിട്ടും ഹേമമാലിനിയുടെ നിസാര പരുക്കിന് അമിതപ്രാധാന്യം നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. 
 
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ ആയിരുന്നു സംഭവം. സോനത്തിന്റെ അച്‌ഛന്‍ ഹനുമാന്‍ ഖന്ദേല്‍വാല്‍ (31), ഭാര്യ ശിഖ (26), മകന്‍ സോമില്‍ (4), ഭാര്യാസഹോദരി സീമ (45) എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഹേമമാലിനി ചികിത്സ തേടിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് തന്നെയുള്ള എസ് എം എസ് ആശുപത്രിയിലാണ് അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
ഒരേ അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു രീതിയിലുള്ള ചികിത്സയാണ് നല്കിയത്. ഹേമമാലിനിയെ അപകടം നടന്ന ഉടന്‍ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, സവായ് മാന്‍ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്ങള്‍ക്ക് വളരെ വൈകിയാണ് ചികിത്സ ലഭിച്ചതെന്നും ഖന്ദേല്‍വാല്‍ കുടുംബത്തിന്റെ ബന്ധുവായ രാജിവ് ഗുപ്‌ത പറഞ്ഞു.
 
അതേസമയം, അപകടം നടന്ന ഉടനെ ബാക്കിയുള്ളവരെ പരിഗണിക്കാതെ മഥുര എം പിയായ ഹേമമാലിനി വളരെ വേഗത്തില്‍ വാഹനത്തില്‍ കയറി പോയതായി ശിഖയുടെ ബന്ധുവായ സുനിത കൂല്‍വാള്‍ ആരോപിച്ചു. ഹേമമാലിനി സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക