ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു, നീക്കം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും - വോട്ടെണ്ണൽ അനിശ്ചിതത്വത്തില്‍

ചൊവ്വ, 8 ഓഗസ്റ്റ് 2017 (21:05 IST)
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതോടെ വോട്ടെണ്ണൽ സംബന്ധിച്ച തർക്കം അനിശ്ചിതമായി നീളുന്നു. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തുവെന്നാണ് പരാതി.

കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണു വോട്ടെണ്ണൽ വൈകുന്നത്. കോൺഗ്രസ് നേതാക്കൾ ന്യൂഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചു.

രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കില്‍ ഈ ആവശ്യം തള്ളണമെന്നാണ് ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് വിമത എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂഡൽഹിയിൽ നിന്നുള്ള തീരുമാനം അനുസരിച്ചായിരിക്കും ഇനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുക.

എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങി. 7 എംഎല്‍എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്. അഹമ്മദ് പട്ടേലിന് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്. അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക