തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടും. തമാശയാണെന്ന് തള്ളിക്കളയേണ്ട. തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിലെ ഗുജറാത്ത് മാതൃക ശ്രദ്ധേയമാവുകയാണ്. തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്‌ഥാനം എന്ന ബഹുമതി ഗുജറാത്ത് സ്വന്തമാക്കും. കോര്‍പറേഷനിലേക്കും പഞ്ചായത്തിലേക്കും മുന്‍സിപാലിറ്റിയിലേക്കുമുളള തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന ' ദ ഗുജറാത്ത് ലോക്കല്‍ അതോറിറ്റീസ് ലോസ് (അമന്‍ഡ്‌മെന്റ്) ബില്‍ -2009 ന് ഗവര്‍ണര്‍ ഒ പി കോഹ്ലി അംഗീകാരം നല്‍കി.
ബില്ലനുസരിച്ച് തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക് 50 ശതമാനം സംവരണവും ലഭിക്കും. ബില്ല് നിയമമാവുന്നതോടെവോട്ടു ചെയ്യാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനുളള അധികാരം സംസ്‌ഥാന സര്‍ക്കാരില്‍ നിക്ഷിപ്‌തമാണ്. എന്നാല്‍, എന്തു തരം നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്‌തമല്ല.
നേരത്തെ രണ്ടു തവണ സംസ്‌ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയെങ്കിലും അത് ഗവര്‍ണര്‍ കമല ഒപ്പിടാതെ മടക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്ന വ്യക്‌തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ ഗവര്‍ണര്‍ ബില്ല് മടക്കിയത്. സ്‌ത്രീകള്‍ക്ക് 50 സംവരണം നല്‍കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും പ്രതിപക്ഷം ബില്ലിനെതിരായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം, വ്യക്‌തമായ കാരണങ്ങളില്ലാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ബില്ല് വിപ്ലവകരമാണെന്നാണ് ബിജെപിയുടെ നിലപാട്.