കർഷക പ്രക്ഷോഭം ഒത്തു‌തീർക്കാൻ അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:16 IST)
കാർഷിക പ്രക്ഷോഭം അവസാനിപ്പിക്കാൻ കാർഷിക നിയമത്തിൽ ഭേദഗതി ആവാമെന്ന് കേന്ദ്ര സർക്കാർ. അഞ്ചിന നിർദേശങ്ങളാണ് കേന്ദ്രം സമരക്കാർക്ക് മുന്നിൽ വെച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇന്ന് നടത്താനിരുന്ന ചർച്ച റദ്ദാക്കിയതായും കർഷകർ വ്യക്തമാക്കി.
 
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും ഭേദഗതികൾ കൊണ്ടുവരാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിനായി അഞ്ചിന നിർദേശങ്ങളാണ് കേന്ദ്രം കർഷകർക്ക് മുന്നിൽ വെച്ചിരിക്കുന്നത്.
 
താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും,ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും,സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും.കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും.കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം. എന്നീ നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.
 
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. തുടര്‍ന്ന് വൈകിട്ടോടെതന്നെ തീരുമാനം അറിയിക്കുമെന്നും കർഷകർ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്‌ച്ച കർഷക സംഘടനകൾ ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍