കേരളത്തെ പരിഹസിച്ചവര്‍ക്ക് മിണ്ടാട്ടമില്ല, കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി - തകര്‍ന്നത് ബിജെപിയുടെ ഹുങ്ക്!

ശനി, 12 ഓഗസ്റ്റ് 2017 (17:50 IST)
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 പിഞ്ചുകുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച വൻദുരന്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നു. ആരോഗ്യ രംഗത്ത് കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളെ വിലകുറച്ച് കാണാന്‍ ശ്രമിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന സംഭവമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂരില്‍ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചതാണ് നേതൃത്വത്തെ രാഷ്‌ട്രീയപരമായി ആശങ്കപ്പെടുത്തുന്നത്. യോഗി അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലം കൂടിയാണ് ഗോരഖ്പുർ എന്നതാണ് ശ്രദ്ധേയം.  

ദുരന്തമുണ്ടായ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍ കോളേജ് ആശുപത്രി മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയാണ്. ഇവിടെ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു യോഗി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും അദ്ദേഹത്തിന് തിരിച്ചടിയുണ്ടാക്കുന്നു.

ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കുറച്ചു ദിവസം മുമ്പ് ആശുപത്രിയില്‍ യോഗി എത്തിയിരുന്നു. ഈ സമയം ഓക്സിജൻ വിതരണത്തിലെ അപാകതകള്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നല്‍, ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്‌തി രേഖപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്‌തത്.

മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബിആർഡി. കിഴക്കൻ യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമായ മസ്തിഷ്കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.

സ്‌ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ബിആർഡി ആശുപത്രിയിലേക്ക് ദിവസവും ചികിത്സ തേടിയെത്തുന്നത്. ഗോരഖ്പുർ മണ്ഡലത്തിൽ മാത്രം മസ്തിഷ്കജ്വരം മൂലം ഈ വർഷം 114 മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയിൽ 40,000 കുട്ടികൾ മരിച്ചതായാണു കണക്ക്.

വന്‍ തുക കുടിശ്ശികയുള്ളതുകൊണ്ടാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കൊടുക്കാതിരുന്നതെന്നാണ് സ്വകാര്യ കമ്പനി വ്യക്തമാക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിത മാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. വ്യാഴാഴ്‌ച രാത്രി മുതലാണ് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത്.

വെബ്ദുനിയ വായിക്കുക