ആര്‍ത്തവത്തിന്റെ പേരില്‍ ഓലപ്പുരയില്‍ താമസിപ്പിച്ചിരുന്ന പന്ത്രണ്ടുകാരിക്ക് ഗജ ചുഴലിക്കാറ്റില്‍ ദാരുണാന്ത്യം

ബുധന്‍, 21 നവം‌ബര്‍ 2018 (11:26 IST)
ആചാരത്തിന്റെ ആര്‍ത്തവകാലത്ത് വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ട അനൈയ്‌ക്കാട് ഗ്രാമത്തിലെ എസ് വിജയയാണ് (12) മരിച്ചത്.

ആദ്യ ആര്‍ത്തവകാലത്തെ ആചാരങ്ങളുടെ ഭാഗമായിട്ടാണ് വിജയെ വീട്ടില്‍ നിന്നും മാറ്റി താമസിപ്പിച്ചത്. വീടിന് പിന്‍ വശത്തുള്ള ഓലമേഞ്ഞ പത്തായപ്പുരയിലാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ താമസിപ്പിച്ചിരുന്നത്. കാറ്റ് ശക്തമായതോടെ സമീപമുണ്ടായിരുന്ന ഒരു തെങ്ങ് കടപുഴകി ഓലപ്പുരയ്‌ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

കാറ്റ് ശക്തമായതോടെ സുരക്ഷിതമായ ഭാഗത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും
ആചാരലംഘനമാകുമെന്ന് പറഞ്ഞ് ബന്ധുക്കള്‍ നിര്‍ദേശം അവഗണിച്ചതാണ് അപകടകാരണമായത്.

വിജയയുടെ ഒപ്പം കിടന്നുറങ്ങിയിരുന്ന അമ്മക്ക് പരിക്കേറ്റു. ഇവര്‍ പട്ടുകോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമുദായത്തിന്റെ ആചാരപ്രകാരം പതിനാറ് ദിവസമാണ് ആദ്യ ആര്‍ത്തവകാലത്ത്
ഇപ്രകാരം പെണ്‍കുട്ടികള്‍ മാറിത്താമസിക്കേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍