ന്യൂഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിടാന്‍ ലഫ്‌. ഗവര്‍ണറുടെ ശുപാര്‍ശ

ചൊവ്വ, 4 നവം‌ബര്‍ 2014 (10:05 IST)
ന്യൂഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ലഫ്‌. ഗവര്‍ണര്‍ നജീബ് ജുങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്‌ എന്നീ കക്ഷികള്‍ ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. ഇന്നലെ ഓരോ കക്ഷികളുമായി ഗവര്‍ണര്‍  ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണ സാധ്യതകളെ കുറിച്ച് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഈമാസം 11 വരെ ലഫ്‌. ഗവര്‍ണര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്‌. 
 
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരു കക്ഷികള്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കക്ഷികളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. 
 
ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജിവച്ചത്. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നായിരുന്നു രാജി. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 
 
അതേസമയം  കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ (കൃഷ്ണ നഗര്‍), രമേശ്‌ ബിധൂഡി (തുഗ്ലക്കാബാദ്‌), പര്‍വേശ്‌ വര്‍മ (മെഹ്‌റോളി) എന്നീ ബിജെപി എംഎല്‍എമാര്‍ ലോക്‌സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ നവംബര്‍ 25ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നാണ് സൂചന. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക