ഫാ. ടോമിന്റെ മോചനം ധ്രുതഗതിയിലാക്കുമെന്ന് സുഷമ സ്വരാജ്

ശനി, 2 ഏപ്രില്‍ 2016 (10:34 IST)
യമനിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനം ദ്രുതഗതിയിലാക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുഷമ സ്വരാജിനെ സന്ദർശിച്ചതിനെത്തുടർന്നാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
 
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തൃപ്തികരമായ രീതിയിൽ ഇടപെടുമെന്ന് മന്ത്രി അറിയിച്ചതായും ഉമ്മൻ ചാണ്ടി അറിയിച്ചു. പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽ തന്നെ ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യുമെന്നും ശ്രമം തുടരുമെന്നുമാണ് കേന്ദ്രം അറിയിച്ചത്. ഇതിനായി യമൻ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
 
ലിബിയയിലുള്ള മറ്റ് ഇന്ത്യാക്കാർ സുരക്ഷിതരാണെന്നും ആക്രമം  ഉണ്ടാകാൻ സാധ്യതയില്ലാത്തിടത്താണ് അവരെ പാർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യാക്കാരെ നാട്ടിലേക്കെത്തിക്കാനുള്ള എല്ലാ ശ്രമങ്ങ‌ളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം വിമാനത്താവളത്തിലേക്കുള്ള യാത്ര അപകടമായതിനാൽ ഏതു വഴി ഇവരെ എത്തിക്കാൻ കഴിയുമെന്ന് പരിശോധിക്കുന്നതിനാലാണ് വൈകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 
ലിബിയയിൽ മിസൈലാക്രമണത്തെത്തുടർന്ന് മരിച്ച മലയാളികളായ സുനു, മകൻ പ്രണവ് എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നും അതോടൊപ്പം റഷ്യയില്‍ വിമാനാപകടത്തില്‍ മരിച്ച ദമ്പതിമാരായ ശ്യാംമോഹന്‍, അഞ്ജു എന്നിവരുടെ ഭൗതികാവശിഷ്ടം രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്നും സുഷമ ഉറപ്പുനല്‍കി.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക