പശ്ചിമബംഗാളിൽ രാഷ്ട്രീയ സംഘർഷം: എട്ട് മരണം, 11 പേരെ അറസ്റ്റ് ചെയ്‌തതായി ഡിജിപി

ചൊവ്വ, 22 മാര്‍ച്ച് 2022 (15:34 IST)
പശ്ചിമബംഗാളിൽ ഭീർഭൂമിലെ സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 11 പേരെ അറസ്റ്റ് ചെയ്‌തതായി ബംഗാൾ ഡിജിപി മനോജ് മാളവ്യ സ്ഥിരീകരിച്ചു. നേരത്തെ 10 പേർ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സം‌ഘർഷത്തെ തുടർന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി.
 
തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ആക്രമികൾ പുറത്തുനിന്ന് പൂട്ടിയ ശേഷം 12 വീടുകൾക്ക് തീയിടുകയായിരുന്നു. വീടിനുള്ളിൽ കുടുങ്ങിയവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.
 
തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്‌ച്ച തൃണമൂൽ പ്രാദേശിക നേതാവായ ബാദു പ്രദാൻ ബോംബേറിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്.
 

West Bengal | Around 10-12 houses were set on fire last night. A total of 10 dead bodies have been recovered, 7 dead bodies were retrieved from a single house: Fire officials on death of several people after a mob allegedly set houses on fire and killed a TMC leader in Birbhum. pic.twitter.com/KOW2ldlCgy

— ANI (@ANI) March 22, 2022
തീവെയ്‌പിൽ ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം രാഷ്ട്രീയസംഘർഷമ‌ല്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം. അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മമത രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍