ജനപ്രിയ പദ്ധതികളുമായി പളനിസാമി; സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം; 500 മദ്യവില്പന ശാലകള്‍ പൂട്ടും

തിങ്കള്‍, 20 ഫെബ്രുവരി 2017 (17:43 IST)
ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായതിനു ശേഷം സെക്രട്ടേറിയറ്റില്‍ എത്തിയ പളനിസാമി അഞ്ച് ജനപ്രിയ പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഒരുലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതിവിലയ്ക്ക് ‘അമ്മ’ ഇരുചക്രവാഹനം നല്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു പദ്ധതികളുടെ പ്രഖ്യാപനം. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്പനശാലകള്‍ പൂട്ടാനും തീരുമാനമായി. ഇരുചക്രവാഹനം നല്കുന്നതില്‍ മുഖ്യമായും പരിഗണിക്കുക ജോലിയുള്ള സ്ത്രീകളെ ആയിരിക്കും.
 
ഒരാള്‍ക്ക് 20, 000 രൂപ വരെ ഈ പദ്ധതിപ്രകാരം സബ്‌സിഡി നല്കുക. ഓരോ വര്‍ഷവും ഇതിന്റെ ഭാഗമായി 200 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത. കൂടാതെ, തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കുകയും ചെയ്തു.
 
കൂടാതെ, 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്കുന്നതും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടും.

വെബ്ദുനിയ വായിക്കുക