ഇ ശ്രീധരന്‍ മന്ത്രിയാകില്ല

തിങ്കള്‍, 19 മെയ് 2014 (14:28 IST)
പാര്‍ട്ടിക്ക് പുറത്തുള്ള ആരും മന്ത്രിയാകില്ലെന്ന് ബിജെപി വൃത്തങ്ങള്‍. ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോടാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. 
 
നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ഇ ശ്രീധരന്‍ റെയില്‍വെ മന്ത്രിയാകുമെന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു. 
 
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ മന്ത്രിസഭയിലേക്ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. അതതുരംഗത്ത് മികവുതെളിയിച്ച പ്രൊഫഷണലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ബിജെപി നേരത്തെ പരിഗണിച്ചിരുന്നു. 
 
മുന്‍ കരസേനാമേധാവി വി. കെ. സിങ്, ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ കെ.വി. കാമത്ത് എന്നിവരോടൊപ്പമായിരുന്നു ഡല്‍ഹി മെട്രോയുടെ ശില്പി മലയാളിയായ ഇ. ശ്രീധരന്റെ പേരും പരിഗണിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക