ഇന്ത്യയെ ഡിജിറ്റലാക്കാന്‍ മോഡി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങി
വ്യാഴം, 21 ഓഗസ്റ്റ് 2014 (13:50 IST)
മുഴുവന്‍ രാജ്യത്തേയും ഡിജിറ്റലാക്കാന്‍ മോഡി സര്‍ക്കാര്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഗ്രാമ നഗര ഭേദമന്യേ മുഴുവന്‍ ജനങ്ങളേയും ഡിജിറ്റല്‍ സൌകര്യങ്ങള്‍ അനുഭവിക്കുന്നതിന് അര്‍ഹരാക്കിതീര്‍ക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഇ-ഗവേണന്‍സുമുള്ള ഇന്ത്യയെന്ന ലക്ഷ്യം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍.
ഇതിനായി 113,000 കോടി രൂപ ചെലവ് വരുന്ന വമ്പന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാഎ അംഗീകാരം നല്‍കിക്കഴിഞ്ഞു. പദ്ധതി 2019ല്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 2016 ഡിസംബറില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ടെലിക്കോം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം, ആജീവനാന്ത ഓണ്‍ലൈന്‍ സൗകര്യങ്ങള്‍, ഡാറ്റകള്‍ ശേഖരിച്ച് സ്വകാര്യമായി ഉപയോഗിക്കാവുന്ന ക്ലൗഡ് സേവനം, സര്‍ക്കാര്‍ വകുപ്പുകളെ ഓണ്‍ലൈന്‍ മുഖേന ഏകോപിപ്പിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുക, ഇലക്ടോണിക് സാമ്പത്തിക ഇടപാടുകള്‍, ഡിജിറ്റല്‍ ലൈബ്രറി, സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വൈഫൈ തുടങ്ങി വിവിധ പദ്ധതികളാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭരണ ഭാരം ലഘൂകരിക്കാനും പൊതുജനങ്ങളുമായി സര്‍ക്കാര്‍ എപ്പൊഴും ബന്ധപ്പെട്ടുകോണ്ടേയിരിക്കാനും പദ്ധതി പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതൊടെ സാധ്യമാകും. ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. രാജ്യത്തെ രണ്ടര ലക്ഷത്തോളം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡിലൂടെയും മൊബൈലുകളിലൂടെയും ബന്ധിപ്പിക്കുന്നതിലൂടെ, ഇറക്കുമതി കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 1.7 കോടി ജനങ്ങള്‍ക്ക് നേരിട്ടും എട്ടരക്കോടി ആളുകള്‍ക്ക് പരോക്ഷമായും ജോലിയും ഡിജിറ്റല്‍ ഇന്ത്യ കണക്കുകൂട്ടുന്നു.
ഡിജിറ്റല്‍ ഇന്ത്യയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായുള്ള സമിതിയെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും സമിതിയിലുണ്ടാകും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍.