നോട്ട് അസാധുവാക്കല്‍: വിജയുടെ വാക്കുകളില്‍ ആടിയുലഞ്ഞ് ബിജെപി; തമിഴ്‌നാട്ടില്‍ താരത്തിന്റെ വാക്കിന് പൊന്നും വിലയുണ്ട്

ബുധന്‍, 16 നവം‌ബര്‍ 2016 (13:19 IST)
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി നടന്‍ വിജയ്. കള്ളപ്പണയം തടയുന്നതിനായി സര്‍ക്കാര്‍ എടുത്ത തീരുമാനം ധീരമാണെങ്കിലും അത് നടപ്പാക്കുന്നതില്‍ വീഴ്‌ച സംഭവിച്ചു. സാധാരണക്കാരെയാണ് നോട്ട് അസാധുവാക്കല്‍ ബാധിച്ചത്. പലര്‍ക്കും ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥ വരെയുണ്ടായെന്നും താരം പറഞ്ഞു.

ഇരുപത് ശതമാനം വരുന്ന സമ്പന്നരില്‍ ഒരു ചെറിയ വിഭാഗം ചെയ്ത തെറ്റിന്റെ ദുരിതം 80 ശതമാനം സാധാരണക്കാര്‍ നേരിടുകയാണ്. രാജ്യത്തെ ജനസഖ്യയില്‍ 20 ശതമാനം ധനികരാണ്. അവരില്‍ കുറച്ചുപേരാണ് തെറ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ എന്ത് തെറ്റാണ് ചെയ്‌തതെന്നും വിജയ് ചോദിച്ചു.

അനിവാര്യമായ ധീരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെങ്കിലും സാധാരണക്കാരുടെ അവസ്ഥ കാണാതെ പോകരുത്. ചികിത്സ വരെ നിഷേധിക്കപ്പെട്ടതിനൊപ്പം പലര്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നോട്ട് അസാധുവാക്കലിലൂടെ ലഭിച്ചിരിക്കുന്നത്. ചെന്നൈ അടക്കമുള്ള ജില്ലകളില്‍ എ ടി എം കൌണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദിവസങ്ങളായി കാണുന്നത്. ഈ സാഹചര്യത്തില്‍ ജനസമ്മതനും താരമുല്യവുമുള്ള വിജയ് നിലപാട് പരസ്യമായി വെക്‍തമാക്കിയത് ബിജെപിക്ക് തിരിച്ചടിയാകും.

വെബ്ദുനിയ വായിക്കുക