നോട്ട് അസാധുവാക്കല്‍: സിപിഎം ദേശീയ പ്രക്ഷോഭത്തിന്, ശിവസേനയും സമരത്തിന് - ചര്‍ച്ചയ്‌ക്ക് ഒരുക്കമാണെന്ന് പ്രധാനമന്ത്രി

ചൊവ്വ, 15 നവം‌ബര്‍ 2016 (20:25 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകും. സിപിഎം ദേശീയ പ്രക്ഷോഭം നടത്തുമെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാ‌ർട്ടികളുടെ പ്രതിഷേധത്തിൽ ശിവസേനയും പങ്കെടുക്കുമെന്ന് പാർട്ടി വക്താവ് സ‌ഞ്ജയ് റൗട്ട് പറഞ്ഞു.

പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നതിനൊപ്പം എൻഡിഎ ഘടകകക്ഷി കൂടിയായ ശിവസേനയും രംഗത്ത് എത്തിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ തീരുമാനം രാഷ്ട്രിയപരമായി കാണരുതെന്നും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയത് കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ശിവസേന നേതാവ് സ‌ഞ്ജയ് റൗട്ട് പറഞ്ഞു. സാധരണക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരോധിച്ച 1000രൂപ 500 രൂപ നോട്ടുകൾ ഡിസംബർ 30ത് വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുന്നത്. നോട്ടു മാറ്റിയെടുക്കാൻ സഹകരണ ബാങ്കുകൾക്കും അനുവാദം നൽകണമെന്ന് പിബി ആവശ്യപ്പെട്ടു.

അതേസമയം, നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പരാതികളും പ്രതിഷേധങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കള്ളപ്പണത്തിനെതിരായ സാമ്പത്തിക നീക്കത്തിന് എല്ലാ പാർട്ടികളും പിന്തുണ നൽകണമെന്നും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക