ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ കുതിച്ചുയര്‍ന്നു, ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ കണക്കുകള്‍ പുറത്ത്

ശനി, 24 ഒക്‌ടോബര്‍ 2015 (11:18 IST)
രാജ്യത്ത് ദളിത് സമുദായങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കീഴ്ജാതിക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47064 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ കണക്കുകള്‍ പറയുന്നു.  ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ കണക്കുകള്‍ പ്രകാരം 2012-ല്‍ ഇത് 33655 ആയിരുന്നു. 2013-ല്‍ 39408-ഉം. 19 ശതമാനത്തിന്റെ വര്‍ധന.

2009 മുതല്‍ 2013 വരെ ദളിതര്‍ക്കെതിരേ രാജ്യത്ത് നടന്ന ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്. ഹരിയാനയില്‍ മാത്രം 2014 ല്‍ 21 ദലിതരാണ് കൊല്ലപ്പെട്ടത്. 2013 ലും 2014 ലും ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയെക്കാളും മുകളിലായിരുന്നു ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍.

2009 ല്‍ 1,346 ദളിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായപ്പോള്‍ 2012 ല്‍ ദളിത് 1576 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. 2013 ല്‍ ഇത് 2,073 ആയി ഉയര്‍ന്നു. 2013 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദളിതര്‍ ബലാത്സംഗത്തിനിരയായ കേസുകളില്‍ 31.54 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ജാതിതിരിഞ്ഞുള്ള ആക്രമണങ്ങളില്‍ ഏറ്റവു മധികം വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത് ഹരിയാണയിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 271 ശതമാനമാണ് വര്‍ധന. മഹാരാഷ്ട്രയും പിന്നിലല്ല. ബിഹാറും ഉത്തര്‍പ്രദേശും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.

ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ അക്രമം ദളിതർക്കെതിരെ നടന്നത് ഉത്തർപ്രദേശിലാണ് 8075 (17.2%). ഹരിയാനയിൽ 1.8%, കേരളത്തിൽ 1.7%.പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2009 ല്‍ 11, 143 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2013 ആയപ്പോള്‍ കേസുകളുടെ എണ്ണം 13,975 ലെത്തി. 2009 ല്‍ വിവിധ സംഭവങ്ങളില്‍ ദളിതരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 33,594 ആയിരുന്നെങ്കില്‍ 2013 ല്‍ ഇത് 39, 408 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സാമൂഹിക, സാമ്പത്തികഅവസ്ഥയില്‍ നേരിയ ഉയര്‍ച്ച ഉണ്ടായതോടെ ദളിതര്‍ മേല്‍ജാതിക്കാരുടെ ആശ്രിതത്വം ഉപേക്ഷിക്കുന്നതാണ് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പുപോലുള്ള പദ്ധതികള്‍ ദളിതരുടെ ജീവിതപ്രതീക്ഷകള്‍ ഉയര്‍ത്തിയപ്പോള്‍ അത് ഉന്നത ജാതിക്കാരിലുള്ള അവരുടെ ആശ്രിതത്വം കുറച്ചു. വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്ന ഭേദഗതിബില്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ പാസാക്കിയിരുന്നു. ചെരിപ്പു മാലയണിയക്കല്‍, മനുഷ്യരുടേയും മൃഗങ്ങളുടേയും ജഡങ്ങള്‍ നിര്‍ബന്ധിച്ച് ചുമപ്പിക്കല്‍, തോട്ടിപ്പണി എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു നിയമം. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേകകോടതി രൂപവത്കരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വെബ്ദുനിയ വായിക്കുക