ബീഫ് കൊലപാതകം ദൗർഭാഗ്യകരം; ഗുലാം അലിയുടെ സംഗീതപരിപാടി തടസപ്പെടുത്താൻ പാടില്ലായിരുന്നു: പ്രധാനമന്ത്രി
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (10:17 IST)
യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷം ദാദ്രി സംഭവം രാഷ്ട്രീയധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്. പാകിസ്ഥാനി ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീതപരിപാടി തടങ്ങ ശിവസേനയുടെ പ്രവര്‍ത്തനം ദൗർഭാഗ്യകരമായതായിരുന്നു. ഇത്തരം സംഭവങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാദ്രി സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് എന്താണ്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിപക്ഷം ദാദ്രി സംഭവം രാഷ്ട്രീയധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്. ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേന റദ്ദാക്കിയതും ദാദ്രി സംഭവത്തിലും കേന്ദ്രത്തിന് എന്താണ് പങ്കെന്നും മോഡി ചോദിച്ചു. സംഗീത പരിപാടി തടസപ്പെടുത്താൻ പാടില്ലായിരുന്നു. ഇതിനെയും രാഷ്ട്രീയ വത്കരിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ദാദ്രി സംഭവത്തെക്കുറിച്ച് മോഡി മൌനം വെടിഞ്ഞ് നിപാട് വ്യക്തമാക്കിയത്. നേരത്തെ ബിഹാർ തെരഞ്ഞെടുപ്പു റാലിയിൽ രാജ്യത്ത് ഹിന്ദുക്കളും മുസ്‍ലിമുകളും തമ്മിലടിക്കരുതെന്നും ദാരിദ്രത്തിനെതിരെ പോരാടാമെന്നുമായിരുന്നു മോഡി പറഞ്ഞത്.
കഴിഞ്ഞ 28നാണ് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നത്. മുഹമ്മദിന്റെ കുടുംബം വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന സമീപത്തു നിന്നുള്ള പ്രചരണമാണ് സംഭവത്തിന് ഇടയാക്കിയത്.