Cyclone Dana Updates: കരതൊടുക 120 കിലോമീറ്റര്‍ വേഗത്തില്‍, പത്ത് ലക്ഷം പേരെ ഒഴിപ്പിക്കുന്നു; ഉഗ്രരൂപിയാകുമോ ദാന ചുഴലിക്കാറ്റ്?

രേണുക വേണു

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:44 IST)
Dana Cyclone

Cyclone Dana Updates: ദാന ചുഴലിക്കാറ്റ് ഭീതിയില്‍ ഒഡിഷയും പശ്ചിമ ബംഗാളും. ചുഴലിക്കാറ്റിന്റെ കരതൊടല്‍ പ്രക്രിയ ഇന്ന് രാത്രി മുതല്‍ ആരംഭിക്കും. വെള്ളി അതിരാവിലെ കരതൊടുമ്പോള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഒഡിഷയിലെ ഭിട്ടര്‍കനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിലാണ് ദാന ചുഴലിക്കാറ്റ് കരതൊടുക. ധമ്രയില്‍ കനത്ത മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ചില ഭാഗങ്ങളിലും ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 
 
ഒഡിഷയിലെ പത്ത് ജില്ലകളിലായി ഏകദേശം 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കുക. ആറായിരം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെല്ലാം തീരത്ത് തിരിച്ചെത്തി. കേന്ദ്രപാഡ, ഭദ്രക്, ബലസോര്‍ തുടങ്ങിയ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഭുബനേശ്വറിലെ ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ നാളെ രാവിലെ ഒന്‍പത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. 
 
ഭിട്ടര്‍കനിക ദേശീയോദ്യാനത്തില്‍ നിന്ന് മുതലകളും പാമ്പുകളും ജനവാസമേഖലകളില്‍ എത്തുന്നത് തടയാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 288 സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം ഇന്നു രാവിലെ ആറിന് അടച്ചു. 15 മണിക്കൂര്‍ നേരത്തേക്ക് സര്‍വീസുകളൊന്നും നടത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലുമായി മുന്നൂറിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍