ബാങ്കുകളിലെ പണം തീർന്നു, പണമെത്തിയില്ലെങ്കിൽ സ്ഥിതി മാറും; എടിഎമ്മുകളും കാലി

ചൊവ്വ, 15 നവം‌ബര്‍ 2016 (07:25 IST)
പുതിയ നോട്ടുകൾ എത്തിയപ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്ന് കരുതിയെങ്കിലും അതെല്ലാം ആസ്ഥാനത്താകുകയാണ്. പഴയ നോട്ടുക‌ൾ മാറാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുമുള്ള തിരക്കാണ് ബാങ്കുകളിൽ. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മിക്ക ബാങ്കുകളിലേയും പണം തീർന്നിരിക്കുകയാണ്.
 
ഇന്നു മുതൽ പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ എത്തുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നുമാണ് ബാങ്കിങ് മേഖല പറയുന്നത്. ഇന്നലെയോടെ മിക്ക എ ടി എമ്മുകളും കാലിയായി. എ ടി എമ്മുകളിൽ പണം നിറച്ചില്ലെങ്കിൽ ജനങ്ങൾ ഇന്നും വെയിലത്ത് തന്നെയാകും. കൂടുതൽ തുക പിൻവലിക്കാമെന്ന നിർദേശം പല പ്രമുഖ ബാങ്കുകൾക്കും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പലർക്കും ആവശ്യത്തിനുള്ള പണം പിൻവലിക്കാൻ സാധിച്ചില്ല.
 
അടിയന്തിരമായി പണം കിട്ടിയില്ലെങ്കിൽ ബാങ്കുകളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചില ബാങ്ക് ജീവനക്കാർ വ്യക്തമാക്കുന്നുണ്ട്. നോട്ട് തീർന്നത് മൂലം പലയിടങ്ങളിലും ഇന്നലെ പ്രശ്നങ്ങ‌ൾ ഉണ്ടായി. പ്രതിസന്ധി തുടരുമെന്നു കരുതി നൂറിന്റെ കെട്ടുകള്‍ പലരും വാങ്ങി സ്റ്റോക്കു ചെയ്തതായും സംശയിക്കുന്നുണ്ട്. ഗ്രാമങ്ങളിലാണ് ഇപ്പോഴും കഷ്ടപ്പാടിന് ഒരു മാറ്റവും വരാത്തത്.

വെബ്ദുനിയ വായിക്കുക