ക്യൂരിയോസിറ്റി പറഞ്ഞു, ‘നമസ്തേ’; മോം പ്രതികരിച്ചു, ‘ഞാന്‍ ഇവിടെയുണ്ടേ’ !

ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (13:05 IST)
ചൊവ്വയില്‍ ഒരു കിടിലന്‍ സംഭാഷണം. വേറെ ആരും തമ്മിലല്ല. നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റിയും ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മാര്‍സ് ഓര്‍ബിറ്ററും‍(MOM) തമ്മിലായിരുന്നു ഈ കൊച്ചുവര്‍ത്തമാനം. മംഗള്‍‌യാന് നാസ അഭിനന്ദനം അറിയിച്ചതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ ക്യൂരിയോസിറ്റിയുടെ ട്വീറ്റ്. 'നമസ്തേ, ഇന്ത്യയുടെ ആദ്യ ചൊവ്വാദൌത്യം വിജയകരമാക്കിയതില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍‘ എന്നായിരുന്നു ക്യൂരിയോസിറ്റിയുടെ ട്വീറ്റ്. 
 
'ഞാന്‍ സമീപത്തു തന്നെ ഉണ്ട്. തുടര്‍ന്നും നമ്മുടെ ബന്ധം നിലനില്‍ക്കട്ടെ എന്നായിരുന്നു മാഴ്സ് ഓര്‍ബിറ്ററിന്റെ ‍(മോം) മറുപടി. ഇതിനെ രസകരമായ സ്പേസ് ടോക്കായാണ് ശാസ്ത്രലോകവും മാധ്യമങ്ങളും വിശേഷിപ്പിച്ചത്.
 
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതോടെ ആദ്യ ചൊവ്വാപര്യവേക്ഷണ ദൌത്യം തന്നെ വിജയകരമാക്കിയ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
 
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വിയില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിന് ആയിരുന്നു മംഗള്‍യാന്‍ യാത്ര പുറപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൌത്യമാണ് ഇത്. 300 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് മംഗള്‍യാന്‍ വിജയപഥത്തില്‍ എത്തിയത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക