തീയില്ല, പാചകവും - ചൂടുകാലത്ത് ബിഹാര്‍ സര്‍ക്കാര്‍ കൈക്കൊണ്ട നയം കഞ്ഞികുടി മുട്ടിപ്പിക്കുന്നത്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (18:01 IST)
ആധുനിക കാലത്ത് തീകൊണ്ടുള്ള ഉപയോഗം കുറയ്ക്കാൻ മനുഷ്യന് കഴിയില്ല. അതിന്റെ പ്രധാനകാരണം തീ ഇല്ലാതെ പാചകം ചെയ്യാന്‍ കഴിയില്ല എന്നതു തന്നെ. ഭക്ഷണം കഴിക്കാതെ മനുഷ്യന് നിലനില്‍പ്പുമില്ല. എന്നാൽ, തീ ജ്വാലകളേയും തീപ്പൊരികളേയും പേടിച്ച് പാചകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് ബീഹാറിൽ.  ചൂടുകാലത്തെ അപകടങ്ങള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയമാണ് വെല്ലുവിളിയായിരിക്കുന്നത്.
 
പകല്‍സമയത്തെ പാചകം തീപിടുത്തത്തിന് കാരണമാകുന്നെന്ന സര്‍ക്കാര്‍ കണ്ടുപിടുത്തത്തിൽ കുഴങ്ങിയിരിക്കുകയാണ് ബിഹാർ. തീപിടുത്തത്തിനെതിരെ വിചിത്രമായ പദ്ധതിയാണ് ബിഹാർ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ബിഹാറിലെ തുറസ്സായ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ആറു മണിവരെ പാചകമോ, പൂജയോ ചെയ്യാൻ പാടില്ല എന്ന കർശന ഉത്തരവാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. തീപ്പൊരി മുഖേനയും മറ്റും തീപിടുത്തം ഉണ്ടാകുന്നത് തടയുന്നത് മുന്നിൽ കണ്ടു കൊണ്ടാണ് സർക്കാർ ഈ ഉത്തരവിറക്കിയിരിക്കുന്നത്.
 
പകൽ പാചകം ചെയ്താൽ കാറ്റു മൂലം തീപ്പൊരി പടർന്ന് തീപിടുത്തം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ നിഗമനം. അതിനാല്‍ തന്നെ ഉത്തരവ് ലംഘിച്ചാല്‍ നിയമപരമായി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്.
 
വേനലിന് ശക്തിയേറുകയാണ്, തീപിടുത്തത്തിനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കുക, ഇല്ലെങ്കിൽ ജീവനും സമ്പത്തിനും നഷ്‌ടം ഉണ്ടാകാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പാചകത്തിന് എന്താണ് മാര്‍ഗമെന്നാണ് ജനങ്ങളുടെ ചോദ്യം. വേനല്‍ച്ചൂടില്‍ സംസ്ഥാനത്ത് 66 മനുഷ്യജീവന്‍ പൊലിഞ്ഞപ്പോള്‍ 1200 മൃഗങ്ങൾക്കും ജീവഹാനി ഉണ്ടായി. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെയും അവസ്ഥ മറിച്ചല്ല.
 
നഗരങ്ങളിൽ മനുഷ്യർ തിങ്ങിത്താമസിച്ചു തുടങ്ങിയപ്പോൾ തീപിടുത്തത്തിന്റെ സാധ്യതയും വ്യാപ്തിയും അപകടങ്ങളും വര്‍ദ്ധിച്ചു. തീ മൂലമുള്ള ജീവനാശവും വസ്തുനാശവും എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്നു. ചെറിയ തീജ്വാലകൾ അഗ്നിഗോളങ്ങളായി പരിണമിക്കുന്നത് പലപ്പോഴും അശ്രദ്ധ കൊണ്ടും അറിവില്ലായ്മകൊണ്ടുമാണ്.
Next Article