'എങ്ങനെയാണയാൾ തെരുവിലൂടെ നടക്കുന്നത്'? - സദ്ഗുരുവിനെതിരെ പഴയ കൊലപാതകാരോപണം കുത്തിപ്പൊക്കി ദിവ്യസ്പന്ദന

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (11:44 IST)
സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ 22 വർഷം മുൻപ് ഉയർന്ന കൊലപാതകാരോപണം ഓർമ്മിപ്പിച്ച് കോൺഗ്രസ് ഐടി സെൽ അദ്ധ്യക്ഷ ദിവ്യ സ്പന്ദന. 1997 ജനുവരിയില്‍ സദ്ഗുരുവിന്റെ ഭാര്യ വിജയകുമാരി അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. ഇതേ വര്‍ഷം ഒക്ടോബറില്‍ വിജയകുമാരിയുടെ പിതാവ് ടിഎസ് ഗംഗണ്ണ ജഗ്ഗി വാസുദേവിന് തന്റെ മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയമുളളതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
 
ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ റിപ്പോര്‍ട്ട് ചിത്രം ഉപയോഗിച്ചാണ് ദിവ്യ സ്പന്ദന ഈ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. ചിത്രത്തോടൊപ്പം എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത് എന്നും  ദിവ്യ ചോദിച്ചു. സദ്ഗുരുവിന്റെ മറ്റൊരു പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ് ഇദ്ദേഹം ഇപ്പോഴും തെരുവുകളിലൂടെ നടക്കുന്നുവോ എന്ന് ദിവ്യ ട്വീറ്റില്‍ ചോദിക്കുന്നത്. വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് ദിവ്യയുടെ ഒളിയമ്പ്.
 
സദ്ഗുരുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പൊലീസ് ഉപേക്ഷിച്ചിരുന്നു. തന്റെ ഭാര്യ സ്വയം ജീവന്‍ ഉപേക്ഷിച്ചതാണെന്നും അവരെ തന്റെ ഇഷ ഫൗണ്ടേഷനില്‍ എല്ലാ വര്‍ഷവും ഓര്‍മ്മിക്കാറുണ്ടെന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article