ഗാന്ധിജയന്തി ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി തുടക്കമിട്ട സ്വച്ഛ ഭാരത് അഭിയാന്‍ അഥാവ ശുചിത്വ ഭാരത പദ്ധതിയെ കൈമുതലാക്കി ലാഭം നേടാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ വിജയത്തിനായി മൊഡി തന്നെ കോര്‍പ്പറേറ്റുകളുടെ സഹയം തേടിയിരുന്നു.
തങ്ങളുടെ ഉത്പന്നങ്ങളെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിന് സ്വച്ഛ ഭാരതിനെ മറയാക്കാനാണ് കമ്പനികളുടെ ശ്രമം. ബഹുരാഷ്ട്ര കമ്പനികളായ റെക്കിറ്റ് ബെന്‍കിസെര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കമ്പനികളാണ് നേട്ടം കൊയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. ലൈസോള്‍, ഡെറ്റോള്‍, ഹാര്‍പിക്, ഡൊമെക്‌സ്, കോളിന്‍ എന്നിവയാണ് ഈ കമ്പനികളുടെ ഉത്പന്നങ്ങള്‍.
എന്നാല്‍ ഈ ഉത്പന്നങ്ങള്‍ക്ക് പകരം ഇന്ത്യയിലെ ഗ്രാമീണരില്‍ ഭൂരിഭാഗവും പ്രാദേശികമായ സമാന ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. വ്യാപകമായ പരസ്യ മാമാങ്കങ്ങള്‍ നടത്തിയിട്ടും ഗ്രാമീണ മേഖലകളിലേക്ക് കടന്നുകയറാന്‍ റെക്കിറ്റ് ബെന്‍കിസെര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, ചെറുകിട വില്‍പ്പന മേഖലയിലെ പ്രമുഖരായ ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്നിവര്‍ക്ക് സാധിച്ചിട്ടില്ല.
അതിനാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനത്തില്‍ ഓരോ രൂപ ഗ്രാമങ്ങളില്‍ ശൌചാലയങ്ങള്‍ നിര്‍മ്മിക്കാനായി മാറ്റിവയ്ക്കാനാണ് കോര്‍പ്പറേറ്റുകളുടെ നീക്കം. അതിനു ശേഷം ഇവ വൃത്തിയാക്കുന്നതിനായി തങ്ങളുടെ ഉത്പന്നങ്ങള്‍ ഗ്രാമീണരുടെ മുന്നില്‍ അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ വന്‍ വിപണിയാണ് ബഹുരാഷ്ട്ര കുത്തകകള്‍ പ്രതീക്ഷിക്കുന്നത്.
2015 ഓടെ 24,000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം കമ്പനി ഡൊമെക്‌സ് ടോയ്‌ലറ്റ് അക്കാദമി പ്രോഗ്രാം ആരംഭിച്ചിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 100 കോടി രൂപ ചെലവില്‍ 400 ഗ്രാമങ്ങളില്‍ പ്രചരണ പരിപാടികള്‍ നടത്താനാണ് റെക്കിറ്റ് ബെന്‍കിസെര്‍ ലക്ഷ്യമിടുന്നത്. ശുചിത്വ ഉല്‍പ്പന്നമായ സാനിഫ്രഷിന്റെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്നതില്‍ നിന്ന് ഓരോ രൂപ വീതം ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് വിനിയോഗിക്കാനാണ് ഡാബറിന്റെ തീരുമാനം.
ഇതിനായി കമ്പനികള്‍ മാതൃകയാക്കുന്നത് 2010 ല്‍ ആരംഭിച്ച ലൈഫ്‌ബോയ് ഹാന്‍ഡ് വാഷിംഗ് പ്രോഗ്രാമാണ്. ഇതിനോടകം രാജ്യത്തെ അഞ്ചു കോടി ജനങ്ങളില്‍ എത്തിയതായി കമ്പനി അധികൃതര്‍ പറയുന്നു. സ്വച്ഛ ഭാരത് അഭിയാന്റെ പിന്തുണയോടെ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് വിപണി പിടിക്കാനാണ് കുത്തകകള്‍ തയ്യാറെടുക്കുന്നത്.