CAA വിജ്ഞാപനം ചെയ്തു, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു

അഭിറാം മനോഹർ

തിങ്കള്‍, 11 മാര്‍ച്ച് 2024 (19:11 IST)
പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നു. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചു തുടങ്ങും.
 
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോകസഭ പാസാകിയത്. 2020 ജനുവരി 10ന് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നിയമം നടപ്പിലാക്കിയിരുന്നില്ല. പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ ഹിന്ദു,സിഖ്,ജെയിന്‍,ക്രിസ്ത്യന്‍,ബുദ്ധ,പാര്‍സി മതവിശ്വാസികള്‍ക്കാണ് ഇതിലൂടെ പൗരത്വം അനുവദിക്കുക.
 
സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി നടപടിക്രമങ്ങളെല്ലാാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.പൗരത്വത്തിനായി അപേക്ഷിക്കുനവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. മറ്റ് രേഖകളൊന്നും അപേക്ഷകരില്‍ നിന്ന് ആവശ്യപ്പെടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
 
അതേസമയം സിഎഎ നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും മുസ്ലീം സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബിജെപിയുടെ 2019ലെ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍