ഡൂണ്‍ സ്കൂളിലും ഹാര്‍വാഡ് സര്‍വ്വകലാശാലയിലും പഠിച്ചിറങ്ങി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എത്തിയ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പക്ഷേ, രാഹുല്‍ ഗാന്ധിയെ ഇവിടുത്തെ മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ വിവാദസംഭവങ്ങളില്‍ വെറുതെ വിട്ടിട്ടില്ല. ‘അമുല്‍ ബേബി’ എന്നു തുടങ്ങുന്ന പേര് മുതല്‍ എത്രയെത്ര പേരുകള്‍ വിളിച്ച് രാഹുലിനെ കളിയാക്കുന്നു. ഒരുപക്ഷേ, വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം കരസ്ഥമാക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാള്‍ അധികം രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. എന്നാല്‍, ഇതൊന്നും എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. അടുത്തിടെ രാജ്യത്ത് ഉണ്ടായ സംഭവങ്ങളുടെ പേരില്‍ മോഡിയെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള ബി ജെ പി നേതാക്കളെല്ലാം പാശ്ചാത്യവിദ്യാഭ്യാസം നേടിയവര്‍ ആയിരുന്നെങ്കില്‍ ഇത്രയധികം വിമര്‍ശനങ്ങള്‍ വിധേയമാകുമായിരുന്നില്ല എന്നാണ് ചേതന്‍ ഭഗത് പറയുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്‌ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ മടക്കിക്കൊടുത്തതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 പുരസ്കാരങ്ങള്‍ മടക്കി നല്‍കിയാലും തന്റെ അഞ്ച് ട്വീറ്റുകള്‍ മതി ഇവര്‍ക്ക് മറുപടി നല്‍കാനെന്നും ചേതന്‍ ഭഗത് പറഞ്ഞു.
നരേന്ദ്ര മോഡിയും അമിത് ഷായും ഡൂണ്‍ സ്‌കൂളില്‍ പഠിക്കുകയും വിദേശ ശൈലിയില്‍ ഇംഗ്ളീഷ് ഉച്ചരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ട്. എങ്കിലും, പൂര്‍ണമായ അഭിപ്രായ സ്വാതന്ത്യം ഭാരത്തിലുണ്ട്. പുരസ്കാരങ്ങള്‍ മടക്കി കൊടുക്കേണ്ട തരത്തിലുള്ള പ്രതിസന്ധിയൊന്നും നിലവിലില്ല. ലഭിച്ച പുരസ്കാരങ്ങള്‍ സര്‍ക്കാരിന് മടക്കി നല്കുമ്പോള്‍ നമ്മളെ അസഹിഷ്‌ണുക്കളാക്കി മാറ്റാന്‍ വിദേശ മാധ്യമങ്ങള്‍ക്ക് അവസരം നല്കുകയാണെന്നും ചേതന്‍ ഭഗത് ആരോപിച്ചു.
ടു സ്റ്റേറ്റ്സ്, ഫൈവ് പോയിന്റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് കോള്‍ സെന്റര്‍, ഹാഫ് ഗേള്‍ഫ്രണ്ട് റവല്യൂഷന്‍ 2020, ത്രീ മിസ്റ്റേക്‌സ് ഇന്‍ മൈ ലൈഫ് തുടങ്ങി നിരവധി പ്രശസ്‌തമായ പുസ്തകങ്ങളുടെ രചയിതാവാണ് ചേതന്‍ ഭഗത്. ഇന്നത്തെ തലമുറയ്ക്ക് കഠിനാധ്വാനവും മിടുക്കും താല്പര്യവുമാണ് പ്രധാനമെന്നും ഒരിക്കല്‍ മുന്‍ഗണന ലഭിച്ചിരുന്നവര്‍ക്ക് ഈ മാറ്റങ്ങളോട് യോജിക്കാന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അഭിപ്രായസ്വാതന്ത്ര്യം വേണമെന്നതിനാല്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.