ചെന്നൈയില്‍ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചതായി റിപ്പോര്‍ട്ട്. ഇന്നുമുതലാണ് പൊതുസ്ഥലത്ത് പുകവലിക്കാന്‍ പാടില്ലെന്ന് പൊലീസ് നഗരത്തിലെ കടകളിലെത്തി അറിയിപ്പ് നല്‍കിയത്. ഇതുസംബന്ധിച്ച് നേരത്തെ അറിവൊന്നും ലഭിച്ചിരുന്നില്ലെന്നും രാവിലെ പൊലീസ് എത്തി പൊതുസ്ഥലത്തെ പുകവലിക്ക് പിഴ ഈടാക്കുമെന്നു അറിയിക്കുകയായിരുന്നുവെന്നും കടയുടമകളും പറഞ്ഞു.
സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകള്‍ക്കാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഗരറ്റ് വില്‍ക്കുന്നതിന് കുഴപ്പമില്ലെങ്കിലും പരസ്യമായ പുകവലി അനുവദിക്കാന്‍ പാടില്ലെന്ന് കടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലത്തെ പുകവലി പിടിക്കപ്പെട്ടാല്‍ 200 രൂപ പിഴ ഈടാക്കുമെന്നും ചെന്നൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ പരിസരത്തെ കടകള്‍ക്കാണ് ഇപ്പോള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സിഗരറ്റ് വാങ്ങുന്നതായും പുകവലിക്കുന്നതായും നിര്‍വധി വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അധികാരികള്‍ സ്‌കൂളുകള്‍ക്ക് സമീപത്തെ പുകവലിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പൊതുസ്ഥലത്തെ പുകവലി നിരോധിക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് റ്റീ ഷോപ്പുകള്‍ നടത്തുന്ന മലയാളികള്‍ വ്യക്തമാക്കുന്നു. ഒമ്പതുമണിയോടെ പൊലീസ് എത്തി വിവരം അറിയിക്കുകയായിരുന്നുവെന്നും പിടിക്കപ്പെട്ടാല്‍ കടയുടമയ്‌ക്കും പിഴ അടയ്‌ക്കേണ്ടുവരുമെന്നും അറിയിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
പല കടകളിലും പൊലീസ് ഇടയ്‌ക്കിടെ പരിശോധനയ്‌ക്കായി എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിഗരറ്റ് വില്‍ക്കുന്നതില്‍ നിയന്ത്രണം പാലിക്കുകയാണ് കടയുടമകള്‍. വൈകിട്ടോടെയാണ് പല കടകളും സിഗരറ്റ് വില്‍ക്കാന്‍ ആരംഭിച്ചത്. കടകള്‍ക്ക് സമീപം നിന്ന് വലിക്കരുതെന്നും പരസ്യമായ പുകവലി തടഞ്ഞിട്ടുണ്ടെന്നും കടയുടമകള്‍ പറഞ്ഞപ്പോഴാണ് പലരും സംഭവമറിഞ്ഞത്.