നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കൊന്നുകളയും : ബി ജെ പി നേതാവിന് ഭീഷണി

ചൊവ്വ, 3 മെയ് 2016 (18:12 IST)
വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് ബി ജെ പി നേതാവിന് എസ് എം എസ് ഭീഷണി. ഭാരതീയ ജനതാ പാര്‍ട്ടി തമിഴ്നാട് പ്രസിഡണ്ട് തമിളിസൈ സൗന്ദര്യരാജനാണ് വധഭീഷണി ലഭിച്ചത്. വിരുഗുംപാക്കത്ത് നിന്നാണ് തമിളിസൈ സൗന്ദര്യരാജന്‍ ഇത്തവണ ജനവിധി തേടുന്നത്.
 
നാമനിര്‍ദേശ പത്രിക ഉടന്‍ പിന്‍വലിക്കണമെന്നും തങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കുകയാണെങ്കില്‍ ജീവന്‍ വരെ അപായത്തിലാകുമെന്നും എസ് എം എസില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു തമിളിസൈ സൗന്ദര്യരാജന് വധഭീഷണി കിട്ടിയത്. ഇതിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. ഭീഷണി കാര്യമാക്കുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. 
വധഭീഷണിയെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പാര്‍ട്ടിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
തമിഴ്നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിനിയാണ് 54 കാരിയായ തമിളിസൈ സൗന്ദര്യരാജന്‍. മുമ്പ് ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ്നാട് സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ കുമാരി ആനന്ദന്റെ മകളാണ് ഡോക്ടര്‍ തമിളിസൈ സൗന്ദര്യരാജന്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക