മദ്യക്കടകള്‍ അടച്ചിട്ടും തിയറ്ററുകളില്‍ ആദ്യ ഷോകള്‍ റദ്ദാക്കിയും കലാമിന് ആദരം

വ്യാഴം, 30 ജൂലൈ 2015 (15:46 IST)
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്റെ ശവസംസ്കാര ചടങ്ങുകള്‍ നടന്ന വ്യാഴാഴ്ച തമിഴ്നാട്ടില്‍ പൊതു അവധിദിനമായിരുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച അടഞ്ഞുകിടന്നു.
 
കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ആദ്യ രണ്ടു ഷോകള്‍ റദ്ദാക്കി. രാവിലെ 11മണിക്കും രണ്ടു മണിക്കുമുള്ള ഷോകളാണ് നിര്‍ത്തലാക്കിയത്. മുന്‍ രാഷ്‌ട്രപതിയോടുള്ള ആദരസൂചകമായി മദ്യക്കടകള്‍ തമിഴ്നാട്ടില്‍ അടഞ്ഞു കിടക്കുകയാണ്.
 
മദ്യവില്പന ശാലകളും ബാറുകളും ഇന്ന് അടച്ചിടാന്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് കമ്മീഷണര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കടകള്‍ ഉച്ചവരെ അടച്ചിടാന്‍ വ്യാപാരി നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ പത്തുമണി മുതല്‍ 11 മണി വരെ തമിഴ്നാട്ടില്‍ പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിച്ചില്ല.
 
സംസ്ഥാനത്തെ പാല്‍ വ്യാപാരികള്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ കടകള്‍ അടച്ചിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക