കാട്ടാനകളില്‍ ഗര്‍ഭനിരോധനം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (18:01 IST)
കാട്ടാനകളില്‍ ഗര്‍ഭനിരോധനം നടത്തണമെന്ന്  കേന്ദ്രസര്‍ക്കാര്‍. കാട്ടാനകള്‍ നാട്ടിലിറങ്ങി അക്രമം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്.  കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വെച്ചത്.
 
നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊല്ലുന്നത് തടയണമെന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വെച്ചത്. ആഫ്രിക്കയില്‍ ഈ രീതി പിന്തുടരുന്നുണ്ടെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാര്‍ കാട്ടാനകള്‍ കൂടുതലായി നാട്ടിലിറങ്ങുന്ന ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കാനാണ് കോടതിയുടെ അനുമതി തേടിയിരിക്കുന്നത്.
 
കാട്ടിലെ ആനകളുടെ എണ്ണം കൂടുന്നതു കൊണ്ടാണ് അവ നാട്ടിലിറങ്ങുന്നതും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും. ഇക്കാരണത്താല്‍, പിടിയാനകളില്‍ ഗര്‍ഭനിരോധനം നടത്തണം. ഇതിന്റെ ഭാഗമായി ആനകളെ പിടികൂടാതെ ആനകളില്‍ മരുന്ന് കുത്തിവെക്കാന്‍ തോക്കോ വില്ലോ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 
ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന മരുന്നിന് പാര്‍ശ്വഫലങ്ങളില്ലെന്നും രണ്ട് വര്‍ഷത്തേക്ക് പ്രത്യുത്പാദനം തടയാന്‍ ഈ മരുന്നിനാകുമെന്നും സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 
ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള ബംഗാള്‍ സര്‍ക്കാരിന്റെ നീക്കം കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സുപ്രീംകോടതി തടഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക