കൊടും ചൂടിൽ കാലുകൾ കെട്ടി വെയിലത്തു കിടത്തി; ഒട്ടകം ഇടഞ്ഞു, ഉടമസ്ഥന്റെ ശരീരം കടിച്ച് കുടഞ്ഞ് പക വീട്ടി

തിങ്കള്‍, 23 മെയ് 2016 (12:33 IST)
കടുത്ത വെയിലിൽ തണൽ നൽകാതെ ചൂടൻ മണലിൽ കിടത്തിയ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമസ്ഥന് നഷ്ടമായത് സ്വന്തം ജീവൻ. കൊടും ചൂടിൽ കാലുകൾ കൂട്ടി കെട്ടി വെയിലത്ത് കിടത്തിയ ഉടമസ്ഥനെ ഇടഞ്ഞ ഒട്ടകം ആക്രമിക്കുകയും കടിച്ച് കുടഞ്ഞ് ശരീരത്തിൽ നിന്നും തല വേർപ്പെടുത്തുകയുമായിരുന്നു. രാജസ്‌ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.
 
രാജസ്ഥാനിലെ മാംഗ്‌താ ഗ്രാമത്തിലെ ഉര്‍ജാരന്‍ എന്നയാളാണ്‌ ശനിയാഴ്ച ഒട്ടകത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉർജാരൻ രാത്രിയില്‍ ഒട്ടകത്തിന്റെ കൈകാലുകളിലെ കെട്ട് അഴിക്കാന്‍ ചെല്ലുകയും കാലിലെ കെട്ട്‌ അഴിക്കുന്നതിനിടയില്‍ ഒട്ടകം ഇയാളെ ആക്രമിക്കുകയും ആയിരുന്നു. കഴുത്ത്‌ കൊണ്ട്‌ ഉടമസ്‌ഥനെ പൊക്കിയെടുത്ത ഒട്ടകം അയാളെ നിലത്തേക്ക്‌ വലിച്ചെറിയുകയും പിന്നീട്‌ ശരീരം കടിച്ചു കുടഞ്ഞ്‌ ഒടുവില തല ശരീരത്തില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്‌തതായി ഗ്രാമീണര്‍ പറഞ്ഞു. 
 
കടുത്ത ചൂടിൽ ഒട്ടകത്തിന്റെ കൈകാലുകൾ കെട്ടി വെയിലത്ത് കിടത്തുന്നത് ഉർജാരന്റെ സ്ഥിരം ഏർപ്പാടായിരുന്നു. പലവട്ടം ഒട്ടകം ഇയാളെ ആക്രമിച്ചിട്ടുണ്ട്. സംഭവ ദിവസവും വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു എന്നാണ് ഗ്രാമീണർ പറയുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ താപനില ഉള്ള പ്രദേശങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. 
അടുത്തിടെ പുറത്തിരുന്ന സൈനികനെ കുടഞ്ഞു താഴെയിട്ട ശേഷം ഒട്ടകം തണലിലേക്ക്‌ ഓടിയ സംഭവവും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക