കള്ളപ്പണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം‌ രൂപ സമ്മാനം നല്‍കും

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (08:33 IST)
കള്ളപ്പണ വേട്ട വ്യാപകമാക്കുന്നതിന്റെ ഭാഗമായി കള്ളപ്പണത്തേക്കുറിച്ചോ, അതിറ്റെ ഉറവിടങ്ങളേക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നല്‍കുന്ന പാരിതോഷിക തുക ആദായ നികുതി വകുപ്പ് വര്‍ദ്ധിപ്പിച്ചു. വന്‍തോതിൽ നികുതി വെട്ടിച്ചും മറ്റുമായി കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഇനിമുതൽ 15 ലക്ഷം രൂപ വരെയായിരിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വകുപ്പ് പുറത്തുവിട്ടു.

രഹസ്യമായി ലഭിക്കുന്ന വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെടുക്കുന്ന തുകയുടെ 10 ശതമാനം വരെയാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാൻ പുതിയ മാർഗരേഖയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതേസമയം കണ്ടെടുക്കുന്ന തുക എത്ര വലുതാണെങ്കിലും പാരിതോഷികം നൽകുന്ന തുക 15 ലക്ഷത്തിൽ കൂടാൻ പാടില്ലെന്നും നിർദേശമുണ്ട്. അതേസമയം, കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള ഊഹ വാർത്തകളും, ഊതി വീർപ്പിച്ച കണക്കുകളും പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇപ്രകാരം വിവരം നൽകുന്നവരുടെ പേരും മറ്റു വിശദാംശങ്ങളും നിയമമനുസരിച്ച് അതീവരഹസ്യമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെടുക്കുന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുക കള്ളപ്പണ വിരുദ്ധ പ്രത്യേക സേന ഉൾപ്പെടെയുള്ളവരായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക