മഹാരാഷ്ടയില്‍ ബിജെപി - ശിവസേന സഖ്യം പിരിഞ്ഞു

വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (15:31 IST)
മഹാരാഷ്ടയില്‍ ബിജെപി - ശിവസേന സഖ്യം പിരിഞ്ഞു. ബിജെപിക്കും ചെറിയ പാര്‍ട്ടികള്‍ക്കും കൂടുതല്‍ സീറ്റുകള്‍ വീതം വച്ചുനല്‍കാന്‍ ശിവസേന തയ്യാറാകാത്തതോടെയാണ് 25 വര്‍ഷമായി നിലനില്‍ക്കുന്ന സഖ്യത്തില്‍ തകര്‍ന്നത്.
 
288 അംഗ നിയമസഭാ സീറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സേന 151 സീറ്റിലും ബിജെപി 130 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ചെറുകക്ഷികള്‍ക്ക് സീറ്റുകള്‍ വീതം വയ്ക്കുന്നതിനെ ചൊല്ലിയാണ് വീണ്ടും വിവാദമുയര്‍ന്നത്. 
 
സീറ്റിന്റെ കാര്യത്തില്‍ സേന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും 151 സീറ്റില്‍ നിന്ന് താഴേക്കു പോകില്ലെന്ന് അവര്‍ വ്യക്തമാക്കിയതായും ബിജെപി വക്താവ് പറഞ്ഞു. എന്നാല്‍ സേന ഇതിനകം 18 സീറ്റുകള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും ചെറുകക്ഷികള്‍ക്ക് ബിജെപി അഞ്ചു സീറ്റുകള്‍ കൂടി നല്‍കാന്‍ തയ്യാറാകണമെന്നുമായിരുന്നു സേന നേതാവ് രാംദാസ് കദമിന്റെ പ്രതികരണം.
 
സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്നത്തെ മുംബൈ യാത്ര റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഷായുടെ മുംബൈ യാത്ര റദ്ദാക്കുന്നത്. 
 
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം ശേഷിക്കേയാണ് സഖ്യം പിരിഞ്ഞത്. ഒക്‌ടോബര്‍ 15നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

വെബ്ദുനിയ വായിക്കുക