ഭീമന്‍ നേരത്തെ എത്തി, പിന്നാലെ പാഞ്ചാലിയും, ബിജെപി പാണ്ഡവപ്പടയാകുന്നു!

വ്യാഴം, 8 ജനുവരി 2015 (10:45 IST)
1980 കളിലെ വന്‍ ഹിറ്റായിരുന്ന മഹാഭാരതം സീരിയലിലെ പാഞ്ചാലിയായി അഭിനയിച്ച വിഖ്യാത ബംഗാളി നടി രൂപ ഗാംഗുലിയും, ഭീമനായി അഭിനയിച്ച പ്രവീണ്‍ കുമാറും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സാന്നിധ്യത്തിലാണ് രൂപ ബിജെപിയില്‍ ചേര്‍ന്നത്.  ബംഗാളി നടിമാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഇതാദ്യമൊന്നുമല്ല. എന്നാല്‍ ഇരുവരേയും ലഭിച്ചതൊടെ ബിജെപിക്കാണ് ഏറെ ഗുണം ചെയ്യുക. ബംഗാളില്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപിക്ക് രൂപ ഗാംഗുലിയെന്ന താരപ്രഭ വലിയൊരളവു വരെ സഹായിക്കും.
 
എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലൂടെയാണ് പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എങ്കിലും ബി ജെ പി സ്ഥാനാര്‍ഥിയോട് പ്രവീണ്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് പാര്‍ട്ടി കണ്വീനര്‍ അരവിന്ദ് കെജ്രിവാളുമായി അഭിപ്രായ വ്യത്യാസമുണ്ടായി എ‌എപി വിടുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു. തങ്ങളുടെ പാര്‍ട്ടി പാണ്ഡവരാണ് എന്നും കൗരവരെ തോല്‍പ്പിക്കലാണ് ലക്ഷ്യമെന്നും ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പ്രവീണ്‍ പറഞ്ഞു.
 
സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നല്‍കുന്നതില്‍ ബിജെപി മറ്റാരേക്കാളും മുമ്പിലാണ്. ബംഗാള്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ എത്തുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ അധികമാണ് ഇത്തരത്തില്‍ വെള്ളിത്തിരകളില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിയ പലരും വിജയിച്ചിട്ടുമുണ്ട്. നേരത്തെ മഹാഭാരതത്തില്‍ കൃഷ്ണനായിരുന്ന നിതീഷ് ഭരദ്വാജ് ബി ജെ പിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക