ലാലു പ്രസാദ് മൂത്തമകനെ തഴഞ്ഞ് ഇളയമകനെ ഉപമുഖ്യമന്ത്രിയാക്കിയതിനുള്ള കാരണങ്ങള്‍

ശനി, 21 നവം‌ബര്‍ 2015 (13:54 IST)
കഴിഞ്ഞദിവസം ബിഹാറില്‍ നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തിലെ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ രണ്ടു മക്കളും കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. പക്ഷേ, ഇരുവര്‍ക്കും ഏത് വകുപ്പാണ് എന്ന് വ്യക്തമായിട്ടില്ല. 
 
എന്നാല്‍, ഇളയമകനായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂത്തമകനായ തേജ് പ്രതാപ് യാദവിനെ മാറ്റി ഇളയമകനായ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കുന്നത് എന്തുകൊണ്ടാണ് എന്നത്  രാഷ്‌ട്രീയലോകത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കറങ്ങുന്ന ചോദ്യമാണ്.
 
സത്യപ്രതിജ്ഞ ചടങ്ങില്‍ ലാലുവിന്റെ ഒമ്പതാം ക്ലാസുകാരനായ മകന്‍ തേജ് പ്രതാപ് യാദവിന് രണ്ടു തവണയാണ് തെറ്റു പറ്റിയത്. ‘അപേക്ഷിത്’ എന്നുള്ളത് ‘ഉപേക്ഷിത്’ എന്ന് വായിക്കുകയായിരുന്നു. തുടര്‍ന്ന്, ഗവര്‍ണര്‍ രാം നാഥ് കോവിന്ദ് തെറ്റു തിരുത്തി കൊടുക്കുകയായിരുന്നു. ഏതായാലും, മൂത്ത മകനേക്കാളിലും ലാലുവിന് വിശ്വാസം ഇളയമകനിലാണെന്നാണ് രാഷ്‌ട്രീയവൃത്തങ്ങള്‍ പറയുന്നത്. ലാലുവിന്റെ ഈ ചായ്‌വിനുള്ള ചില കാരണങ്ങള്‍:
 
1. ക്രിക്കറ്റ് താരം കൂടിയായ തേജസ്വിയാണ്, മൂത്ത മകനായ തേജ് പ്രതാപിനേക്കാള്‍ ജനകീയനും പ്രസിദ്ധനും
2. മികച്ച വാഗ്‌മി കൂടിയായ തേജസ്വി നല്ല ഭാഷാശൈലിയിലും തേജിനേക്കാള്‍ മുന്നിലാണ്. 
3. ലാലുപ്രസാദിനെ പോലെ ബിഹാറിന്റെ രാഷ്‌ട്രീയം മനസ്സിലാക്കാനും ആ രാഷ്‌ട്രീയരീതി പിന്തുടരാനും തേജസ്വി തന്നെയാണ് ഒന്നാമത്.
4. സാമൂഹ്യമാധ്യമങ്ങളില്‍ ഒരുപാട് ആരാധകര്‍ തേജസ്വിക്കുള്ളതും നേട്ടമായി.
5. പാര്‍ട്ടിക്കു വേണ്ടി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നിരവധി പ്രചാരണ തന്ത്രങ്ങള്‍ തേജസ്വി ആവിഷ്കരിച്ചിരുന്നു.
6. ബിഹാറില്‍ നരേന്ദ്ര മോഡി സമ്മേളനങ്ങളില്‍ പങ്കെടുത്ത് മുന്നേറിയപ്പോള്‍ അതിനെ എതിര്‍ത്ത് തേജസ്വി മുന്നോട്ടു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക